ശബരിമലയിലെ തിരുവാഭരണം ദൈവത്തിനുള്ളതെന്ന് സുപ്രീംകോടതി

ശബരിമല ക്ഷേത്രത്തിന്‍റെ തിരുവാഭരണങ്ങള്‍ പന്തളം രാജകുടുംബത്തിന്‍റെ കൈവശം വെക്കുന്നത് ചോദ്യം ചെയ്ത് സുപ്രിം കോടതി. രാജകുടുംബത്തിന് അതില്‍ ഇനി അവകാശമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. തിരുവാഭരണം ഏറ്റെടുക്കാന്‍ തയാറാണെന്നു സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചു. ശബരിമല ക്ഷേത്രത്തിന്റെ ഭരണവുമായി ബന്ധപ്പെട്ട് പന്തളം രാജകുടുംബാംഗം നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണമുണ്ടായത്. കേസ് നേരത്തേ പരിഗണിച്ചപ്പോള്‍ ശബരിമല ഭരണത്തിനു മാത്രമായി പ്രത്യേക നിയമം നിര്‍മിക്കുമെന്നു സര്‍ക്കാര്‍ അറിയിച്ചിരുന്നു. അതിന് 2 മാസത്തെ സമയമാണ് സുപ്രീം കോടതി സര്‍ക്കാരിനു നല്‍കിയത്. ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ നാല് ആഴ്ച കൂടി സമയം അനുവദിക്കണമെന്നു സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

തുടര്‍ന്നാണ് തിരുവാഭരണം ക്ഷേത്രത്തിനു കൈമാറാനും അതു പരിപാലിക്കുന്നതിന് ഒരു പ്രത്യേക ഓഫിസറെ നിയമിക്കാനും നേരത്തേ പറഞ്ഞിരുന്നല്ലോ, അതു നടപ്പിലായോ എന്ന് ജസ്റ്റിസ് എന്‍.വി. രമണ ചോദിച്ചത്. എന്നാല്‍ തിരുവാഭരണം ഇപ്പോഴും രാജകുടുംബത്തിൻ്റെ പക്കല്‍ തന്നെയാണ് ഉള്ളതെന്നായിരുന്നു അഭിഭാഷകൻ്റെ മറുപടി. തുടര്‍ന്നാണ് തിരുവാഭരണം ദൈവത്തിന്‍റേതാണെന്ന് കോടതി പറഞ്ഞത്. തിരുവാഭരണം രാജകുടുംബത്തിന്‍റെയാണോ ദൈവത്തിന്‍റെയാണോ എന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് വെള്ളിയാഴ്ച അറിയിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. തിരുവാഭരണങ്ങൾ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് സുപ്രീംകോടതി നൽകിയിരുന്ന നിര്‍ദ്ദേശങ്ങൾ നടപ്പാക്കിയോ എന്ന ചോദ്യമുന്നയിച്ച ശേഷമാണ് കോടതി ഈ പരാമർശങ്ങൾ നടത്തിയത്.

Content Highlights: supreme court questions royal family rights over thiruvabharanam in Sabarimala