രാജ്യത്തെ കാമ്പസുകളെ നിരീക്ഷണത്തിൽ നിർത്തണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടേയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും നിർദ്ദേശം. സംസ്ഥാന ഡിജിപിമാരുടെ യോഗത്തിലാണ് പുതിയ തീരുമാനം. രാജ്യത്തെ ക്യാമ്പസുകൾ മുഴുവൻ പൗരത്വ വിഷയവുമായി ബന്ധപ്പെട്ടു തെരുവിലിറങ്ങിയ സാഹചര്യം ഉണ്ടായതിനെ തുടർന്നാണ് ഈ തീരുമാനം എന്നാണ് റിപ്പോർട്ട്.
രാജ്യത്തിന്റെ ഐക്യത്തിന് ഭീഷണിയുണ്ടാക്കുന്ന പ്രവർത്തനങ്ങൾ കാമ്പസ്സുകളിലുണ്ടാകാൻ ഇടയുണ്ടെന്നും ഇത്തരം പ്രവർത്തനങ്ങൾ തിരിച്ചറിയാൻ കാമ്പസ്സുകളുമായി ബന്ധപ്പെട്ട വാട്സാപ്പ് ഗ്രൂപ്പുകളെ ചോര്‍ത്തണമെന്നുമാണ് നിർദ്ദേശം. ഡിസംബർ ആറ് മുതൽ എട്ട് വരെ പൂനെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ച് കാമ്പസ്സിൽ വെച്ച് നടന്ന യോഗത്തിലാണ് ഈ തീരുമാനമെടുത്തിരുന്നത്. വിദ്യാര്‍ത്ഥി സമൂഹത്തിനിടയില്‍ ഏതെങ്കിലും തരത്തിലുള്ള പ്രതിഷേധം ഉണ്ടാവുകയാണെങ്കിൽ അത് പൊലീസ് അറിയുന്നത് സംഭവം നടക്കുമ്പോഴാകരുതെന്നും യോഗത്തിൽ നിർദ്ദേശം നൽകി.
സർവ്വകലാശാലകളിലെ വിദ്യാർത്ഥികളെ നിരീക്ഷണ വിധേയമാക്കണമെന്നതായിരുന്നു യോഗത്തിലെ പ്രധാന അജണ്ടയും. ക്യാമ്പസ് പ്രക്ഷോഭവുമായി ബന്ധപ്പെട്ട് നിരവധി നിർദ്ദേശങ്ങൾ നേരത്തെ തന്നെ ഡിജിപിമാർക്ക് ‘ആക്ഷൻ പോയിന്റു’കളായി നൽകിയിരുന്നു. ഇവ കൂടുതൽ ചർച്ച ചെയ്ത് ഉറപ്പിക്കുകയാണ് യോഗത്തിലുണ്ടായത്.
content highlights: instructions from narendra modi government to keep campus under watch and monitor whatsapp in dgp meet