പോലിസിനെ പ്രതിക്കൂട്ടിലാക്കുന്ന സി.എ.ജി റിപ്പോർട്ട്; ആയുധമാക്കാൻ ഒരുങ്ങി പ്രതിപക്ഷം

cag report aganist kerala police

കേരള പോലിസിനെതിരെ ഗുരുതര ആരോപണങ്ങളുന്നയിക്കുന്ന സി.എ.ജി റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം പല ഭാഗത്തു നിന്നും പ്രതിഷേധങ്ങൾ ഉയരുകയാണ്. വിഷയത്തിൽ എൻഐഎ, സിബിഐ അന്വേഷണങ്ങൾ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്ന് മുഖ്യമന്ത്രിക്ക് കത്ത് നൽകും. ഇതുമായി ബന്ധപ്പെട്ട് നാളെ ഗവർണറെ സന്ദർശിക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. 

എസ്ഐമാർക്കും എഎസ്ഐമാർക്കും ക്വാർട്ടേഴ്സ് പണിയാനുള്ള പണം കൊണ്ട് മേധാവികൾക്ക് വില്ല നിർമിച്ചതു തുടങ്ങി തോക്കുകളും വെടിയുണ്ടകളും കാണാനില്ലെന്നുവരെയുള്ള ഗുരുതര ആരോപണങ്ങളാണ് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബഹ്റയുടെ ക്രമകേടുകൾ വരെ ഉൾപ്പെടുത്തിയുള്ള കൺട്രോളർ ആൻറ് ഓഡിറ്റർ ജനറൽ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.  

നിയമസഭയുടെ പബ്‌ളിക് അക്കൗണ്ട്‌സ് കമ്മറ്റിയുടെ പരിഗണനയിലാണ് സി.എ.ജി റിപ്പോര്‍ട്ടിന്റെ തുടര്‍ നടപടികള്‍ വരിക. സി.എ.ജി റിപ്പോര്‍ട്ടിന്‍മേല്‍ ആവശ്യമെങ്കില്‍ ഡിജിപിയെയും ഉന്നതോദ്യോഗസ്ഥരെയും വിളിച്ചുവരുത്തി നടപടി എടുക്കാൻ കഴിയും. സാമ്പത്തിക നഷ്ടമുണ്ടാക്കുന്നതും സേനയുടെ അച്ചടക്കം ഇല്ലാതാക്കുന്നതും ദേശസുരക്ഷയെ ബാധിക്കുന്നതുമായ ഗുരുതരവീഴ്ചകളാണ് ഓഡിറ്റ് റിപ്പോര്‍ട്ടിലുള്ളത്. 25 റൈഫിളുകളും 12,061 വെടിയുണ്ടകളുമാണ് കാണാതായത്. തുടർന്ന് വ്യാജ വെടിയുണ്ടകൾ വച്ചും സംഭവം മറച്ചുവയ്ക്കാനും കുറ്റക്കാരെ രക്ഷിക്കാനും ശ്രമം നടന്നു. പോലീസിന്റെ പക്കലുള്ള എല്ലാ ആയുധങ്ങള്‍ക്കും കൃത്യമായ വിവരം സൂക്ഷിക്കുന്നുണ്ടെന്നതിന് ഒരു ഉറപ്പുമില്ലെന്ന പരാമര്‍ശവും റിപ്പോര്‍ട്ടിലുണ്ട്. പോലീസ് സ്റ്റേഷനുകളിലെ വാഹനങ്ങളുടെ കുറവ് പരിഹരിക്കാനെന്നപേരില്‍ 269 ലൈറ്റ് മോട്ടാര്‍വാഹനങ്ങള്‍ അനുമതിയില്ലാതെ വാങ്ങി. ഇതില്‍ 41 എണ്ണവും ഉന്നത ഉദ്യോഗസ്ഥര്‍ക്കായുള്ള ആഡംബര കാറുകളാണ്.

അതേസമയം പോലീസിന്‍റെ തോക്കുകളും വെടിയുണ്ടകളും കാണാതായ സംഭവത്തില്‍  പോലീസിനെതിരെ രൂക്ഷ വിമർശനവുമായി ജേക്കബ് തോമസ് ഐപിഎസ് രംഗത്ത് വന്നു. “എന്തൊക്കെ മോഷ്ടിക്കാം, എവിടുന്നൊക്കെ മോഷ്ടിക്കാം എന്നു പോലും കേരളത്തിൽ വന്ന മോഷ്ടാക്കൾക്ക് അറിയാത്തതോ, അതോ അഹങ്കാരമോ ? എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. പോലീസ് മേധാവിയെന്നു പേരെടുത്തു പറഞ്ഞു അക്കൗണ്ടന്റ് ജനറൽ പത്രസമ്മേളനം നടത്തുന്ന ആദ്യ സംഭവമാണിത്.

content highlights: cag report aganist kerala police