ഇന്ത്യ സന്ദർശിക്കുന്ന മുന്നൊരുക്കങ്ങൾക്കിടയിൽ ഫേസ്ബുക്കിൽ നരേന്ദ്ര മോദിയേക്കാൾ മുന്നിൽ താനെന്ന വിചിത്ര അവകാശ വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് യു.എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. നിലവിൽ 44.3 ദശലക്ഷം ഫേസ്ബുക്ക് ഫോളോവേഴ്‌സുള്ള മോദിയേക്കാൾ ഏറെ പിന്നിലാണ് 27.5 ദശലക്ഷം ഫോളോവേഴ്‌സുള്ള ട്രംപ്. എന്നാൽ താനാണ് ഒന്നാമെതെന്ന് ഫേസ്ബുക്ക് സി.ഇ.ഒ മാർക്ക് സുക്കർബർഗ് പറഞ്ഞുവെന്നാണ് ട്രംപ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇതാദ്യമായിട്ടല്ല ട്രംപ് ഫേസ്ബുക്കിൽ താനാണ് ഒന്നാമനെന്ന് അവകാശപ്പെടുന്നത്. ഫേസ്ബുക്കിൽ മോദി മുന്നിലാണെങ്കിലും മറ്റൊരു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററിൽ ട്രംപിനാണ് കൂടുതൽ മേൽക്കൈ.
72.5 ദശലക്ഷം പേരാണ് ട്വിറ്ററിൽ യു.എസ് പ്രസിഡൻ്റിനെ പിന്തുടരുന്നത്. മോദിക്ക് ട്വിറ്ററിൽ 53 ദശലക്ഷം ഫോളോവേഴ്‌സാണുള്ളത്. ഫേസ്ബുക്കിൽ മോദിക്ക് 150 കോടിയും തനിക്ക് 350 ദശലക്ഷവും ഫോളോവേഴ്‌സും ഉണ്ടെന്നാണ് കഴിഞ്ഞ മാസം ട്രംപ് പറഞ്ഞത്. എന്നാൽ ഇക്കാര്യത്തിൽ പ്രതികരിക്കാൻ മാർക്ക് സുക്കർബർഗോ ഫേസ്ബുക്ക് അധികൃതരോ തയ്യാറായിട്ടില്ല. ട്രംപിൻ്റെ പിന്തുടർച്ചക്കാരിൽ 37 ശതമാനവും മോദിയുടേതിൽ 60 ശതമാനവും വ്യാജ അക്കൗണ്ടുകളാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
Content Highlights; donald trump says that he is first in facebook, narendra modhi is in second