ട്രംപിനെ വരവേൽക്കാൻ സർക്കാർ ചെലവാക്കുന്നത് 100 കോടി

അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ഇന്ത്യ സന്ദർശനത്തിനായി സർക്കാർ ചെലവാക്കുന്നത് 100 കോടിയോളം രൂപയാണ്. 55 ലക്ഷത്തോളം രൂപയാണ് മിനിറ്റിൽ ചെലവാകുന്നത്. നൂറു കോടിയോളമായി വിവിധ വകുപ്പുകളിൽ ചെലവാക്കുമ്പോൾ ട്രംപ് നഗരത്തിൽ തങ്ങുന്നത് മൂന്നര മണിക്കൂർ മാത്രമായിരിക്കും. ഗുജറാത്ത് സർക്കാരിൻ്റെ വിവിധ വകുപ്പുകൾ മുഖേനെയാണ് ഇത്രയും പണം ചെലവാക്കുന്നത്. യുഎസ് പ്രസിഡൻ്റിൻ്റെ സുരക്ഷയ്‌ക്ക് മാത്രം 12 കോടി രൂപയാണ് ചെലവാകുന്നത്. ട്രംപ് സഞ്ചരിക്കുന്ന റോഡുകളുടെ നവീകരത്തിന് 80 കോടി, നഗരം മോടി പിടിപ്പിക്കാൻ 6 കോടി, വിവിധ പരിപാടികൾക്കായി നാല് കോടി, സ്‌റ്റേഡിയത്തിലെത്തുന്ന ഒരു ലക്ഷത്തോളം പേരുടെ ചെലവിനായി ഏഴു കോടിയുമാണ് ചെലവാകുന്നത്.

ട്രംപ് സഞ്ചരിക്കുന്ന റോഡുകൾ അലങ്കരിക്കുന്നതിനായി 3.7 കോടി രൂപയുടെ പൂക്കൾ വാങ്ങാൻ അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷൻ (എഎംസി) തീരുമാനിച്ചിരുന്നു. വിവിധ സർക്കാർ വകുപ്പുകളും കോർപ്പറേഷനും ചേർന്നാണ് ഭൂരിഭാഗം ചെലവും വഹിക്കുന്നത്. ഈ മാസം 24ന് ഉച്ചയോടെയാണ് യു എസ് പ്രസിഡൻ്റ് ഇന്ത്യയിലെത്തുക. വൈകിട്ട് മൂന്നരയോടെ ഡൽഹിയിലേക്ക് മടങ്ങും. ഇതിനിടെ മോദിക്കൊപ്പം നടത്തുന്ന 22 കിലേമീറ്റർ റോഡ് ഷോ ലോക റെക്കോഡായിരിക്കുമെന്ന് മേയർ ബിജൽ പട്ടേൽ അഭിപ്രായപ്പെട്ടു. പതിനായിരത്തോളം പോലീസ് ഉദ്യോഗസ്ഥരെയാണ് നഗരത്തിൽ സുരക്ഷയ്‌ക്കായി ഏർപെടുത്തുന്നത്. ട്രംപിനെ സ്വീകരിക്കാൻ 1,20, 000 പേർ എത്തുമെന്നാണ് റിപ്പോർട്ട്.