പ്രണയാഭ്യർഥന നിരസിച്ചതിനെ തുടർന്ന് യുവതിയെ അതിക്രൂരമായി കുത്തിക്കൊന്നു. തെലങ്കാന യെല്ലാറെഡ്ഡിപേട്ട് സ്വദേശിയും ആന്ധ്രപ്രദേശ് ഗ്രാമീണ്‍ വികാസ് ബാങ്ക് ജീവനക്കാരിയുമായ ന്യാലകാന്തി ദിവ്യയെയാണ് കുത്തികൊന്നത്. സംഭവത്തിൽ വെങ്കിടേഷ് ഗൗഡെന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
എട്ടാം ക്ലാസ് മുതൽ പ്രണയാഭ്യർഥനയുമായി പെൺകുട്ടിയുടെ പിന്നാലെ നടന്ന ആളാണ് വെങ്കിടേഷ്. ദിവ്യക്ക് അടുത്തിടെ വീട്ടുകാർ കല്യാണം തീരുമാനിച്ചതിനെ തുടർന്ന് കൊല്ലാനുള്ള പദ്ധതിയിടുകയായിരുന്നു. ബാങ്ക് ജോലിക്കാരിയായ ദിവ്യ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴായിരുന്നു സംഭവം. പെൺകുട്ടിയുടെ അച്ഛനും അമ്മയും വിവാഹത്തിനുള്ള ഒരുക്കങ്ങൾക്കായി നാട്ടിലേക്ക് പോയിരിക്കുകയായിരുന്നു. വീട്ടിൽ പതിയിരുന്ന വെങ്കിടേഷ് ദിവ്യയെ കടന്നാക്രമിക്കുകയും കുത്തിവീഴ്ത്തുകയും ചെയ്തു. കഴുത്തിൽ മാത്രമായി ഏഴ് തവണ കുത്തിയിട്ടുണ്ട്.
എന്നാൽ വെങ്കിടേഷും ദിവ്യയും പ്രണയത്തിലായിരുന്നുവെന്നും 2014ൽ ഇരുവരും അമ്പലത്തിൽ വച്ച് രഹസ്യമായി വിവാഹം കഴിച്ചതായും വ്യത്യസ്ത ജാതി ആയതിനാൽ ദിവ്യയുടെ വീട്ടുകാർ ബന്ധം അംഗീകരിച്ചില്ലെന്നും ദിവ്യയെ കൂട്ടിക്കൊണ്ട് പോവുകയായിരുന്നുവെന്നും വെങ്കിടേഷിൻറെ ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു. എന്നാൽ ഇത് സംബന്ധിച്ച് പൊലീസിന് തെളിവൊന്നും കിട്ടിയിട്ടില്ല.
content highlights: stalker stabs telangana woman 8 days before her wedding