പൗരത്വ വിഷയം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും, രാജ്യത്ത് മത സ്വാതന്ത്ര്യം ഉറപ്പാക്കാൻ മോദി ശ്രമിക്കുന്നുണ്ടെന്നും ഡൊണാൾഡ് ട്രംപ്

Donald Trump says citizenship bill is a domestic affair in India and Modi trying to ensure religious freedom in the country

പൗരത്വ വിഷയം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും, രാജ്യത്ത് മത സ്വാതന്ത്ര്യം ഉറപ്പാക്കാൻ മോദി ശ്രമിക്കുന്നുണ്ടെന്നും യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. രണ്ട് ദിവസത്തെ ഇന്ത്യ സന്ദർശനം പൂർത്തിയാക്കി മടങ്ങുന്നതിനു മുമ്പുള്ള വാർത്താ സമ്മേളനത്തിലാണ് ട്രംപ് പറഞ്ഞത്. മോദിയുമായുള്ള കൂടിക്കാഴ്ചയിൽ ഇന്ത്യയിലെ മതസ്വാതന്ത്ര്യം ചർച്ച ചെയ്തെന്നും, ജനങ്ങൾക്കിടയിൽ മത സ്വാതന്ത്ര്യം ഉറപ്പ് വരുത്തണമെന്നാണ് പ്രധാനമന്ത്രി ആഗ്രഹിക്കുന്നതെന്നും, അതിനു വേണ്ടി രാജ്യം കുറേക്കാലമായി കഠിന പ്രയത്നത്തിലാണെന്നും ട്രംപ് പറഞ്ഞു. പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് ഡൽഹിയിൽ നടക്കുന്ന ഒറ്റപ്പെട്ട ആക്രമങ്ങളെക്കുറിച്ച് കേട്ടിരുന്നുവെന്നും, എന്നാൽ ഇതുമായി ബന്ധപ്പെട്ട ചർച്ചകളൊന്നും തന്നെയുണ്ടായില്ലെന്നും പൗരത്വ നിയമത്തെക്കുറിച്ച് കൂടുതലൊന്നും പറയാനില്ലെന്നും ട്രംപ് വ്യക്തമാക്കി.

സ്വന്തം പൗരന്മാർക്കായി നല്ലതു മാത്രം ഇന്ത്യ ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് പറഞ്ഞു. ഇന്ത്യയിലെ മുസ്ലിം സമുദായത്തോട് തൻ്റെ സർക്കാരിന് യാതൊരു വിവേചനമില്ലെന്ന് മോദി പറഞ്ഞതായും ട്രംപ് വ്യക്തമാക്കി. പൗരത്വ ഭേദഗതിയെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്നും ട്രംപ് ഒഴിഞ്ഞു മാറുകയാണ് ചെയ്തത്. ഹൈദരാബാദ് ഹൗസിൽ ഇന്ത്യയുമായുള്ള 300 കോടി ഡോളറിൻ്റെ പ്രതിരോധ കരാറുൾപ്പെടെ മൂന്ന് സുപ്രധാന ഉടമ്പടികളിൽ ഒപ്പുവെക്കുകയും ഇന്ത്യയുമായുള്ള വ്യാപാര കരാർ ഈ വർഷം അവസാനത്തോടെ യാഥാർത്ഥ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Donald Trump says citizenship bill is a domestic affair in India and Modi trying to ensure religious freedom in the country