ഡൽഹിയിലെ സ്ഥിഗതികൾ സാധാരണ നിലയിലേക്ക് കൊണ്ടു വരുന്നതിനുള്ള പ്രയത്നത്തിലാണിപ്പോൾ സർക്കാരെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്രമം ഉണ്ടായതിനു പിന്നാലെ നിരവധിയാളുകൾ വീടുകൾ ഉപേക്ഷിച്ച് പോയിട്ടുണ്ടെന്നും, അവരെ തിരികെ കൊണ്ടു വരുന്നതിനായി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അരവിന്ദ് കെജരിവാൾ പറഞ്ഞു. കലാപത്തിന് ഇരയായവരുടെ വീടുകളിൽ സബ് ഡിവിഷണൽ മജിസ്ട്രേട്ടുമാർ നേരിട്ടെത്തി വിവരങ്ങൾ ശേഖരിക്കുമെന്നും, 18 ഡിവിഷനുകളിലാണ് കലാപം ബാധിച്ചതായി തിരിച്ചറിഞ്ഞിട്ടുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സ്ഥലങ്ങൾ സന്ദർശിച്ച ശേഷം സബ് ഡിവിഷണൽ മജിസ്ട്രേട്ടുമാർ തകർന്ന വീടുകളുടെയും, കടകളുടെയും നാശനഷ്ടങ്ങൾ വിലയിരുത്തുമെന്നും, കലാപത്തിൽ ഇരയായവർക്ക് രാത്രി സുരക്ഷ ഉറപ്പാക്കുമെന്നും, സുരക്ഷിതമായി തങ്ങുന്നതിനുള്ള താത്കാലിക സൗകര്യം എത്രയും വേഗം ഒരുക്കുമെന്നും അരവിന്ദ് കെജരിവാൾ കൂട്ടിച്ചേർത്തു. കലാപത്തിൽ ഇരയായവർക്ക് ഡൽഹി സർക്കാർ പ്രഖ്യാപിച്ച നഷ്ട പരിഹാര തുക ഞായറാഴ്ച മുതൽ വിതരണം ചെയ്യും. അക്രമത്തിൽ വീടോ കടയോ നഷ്ടമായവർക്ക് അഞ്ച് ലക്ഷം രൂപ നഷ്ട പരിഹാരമായി നൽകും. റിക്ഷകൾ നഷ്ടമായവർക്ക് 25000 രൂപ വീതം നഷ്ട പരിഹാരം നല്കുമെന്നും ഡൽഹി സർക്കാർ പ്രഖ്യാപിച്ചു. കലാപത്തിനിടെ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഡല്‍ഹി സര്‍ക്കാര്‍ പത്തു ലക്ഷം രൂപയും, ഗുരുതര പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയുമാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുള്ളത്. നഷ്ടപരിഹാരം ആവശ്യപ്പെട്ടുന്ന 69 അപേക്ഷകളാണ് ഇതിനോടകം ലഭിച്ചതെന്നും അപേക്ഷകര്‍ക്ക് ഞായറാഴ്ച തന്നെ നഷ്ടപരിഹാരം ലഭിക്കുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ അദ്ധേഹം വ്യക്തമാക്കി.
Content Highlights: Arvind Kejriwal seeks to reverse normalcy in Delhi