ഷഹീൻ ബാഗിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു; പ്രദേശത്ത് വൻ പോലീസ് സുരക്ഷ

Section 144 imposed in Delhi’s Shaheen Bagh

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നടക്കുന്ന ഷഹീൻ ബാഗിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രതിഷേധ മാർച്ചുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് ഷഹീൻ ബാഗ് അടക്കമുള്ള ദില്ലി പ്രദേശങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പ്രദേശത്ത് വൻ പോലീസ് സുരക്ഷയാണ് ഒരുക്കിയിട്ടുണ്ട്. പ്രക്ഷോഭകരെ ഒഴിപ്പിക്കുമെന്ന് ഹിന്ദുസേന ഇന്നലെ ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് ഇപ്പോൾ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. വടക്ക് കിഴക്കൻ ഡൽഹിയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കലാപത്തിൽ നാൽപതിലേറെ പേർക്ക് ജീവൻ നഷ്ടപെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ഇതിൻ്റെ ഭാഗമായി ഷഹീൻ ബാഗിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പൗരത്വ നിയമത്തെ തുടർന്ന് ദില്ലിയിലുണ്ടായ സംഘർഷം 40ലധികം പേരുടെ ജീവനെടുത്തപ്പോഴും ഷഹീൻ ബാഗിൽ സമരം തുടരുകയാണ് ചെയ്തത്. കലാപം ഷഹീൻ ബാഗിലെ സമരത്തെ ബാധിച്ചിരുന്നില്ല. ഡിസംബർ 15ന് ആരംഭിച്ച സമരം ദിവസങ്ങൾ കഴിയുന്തോറും ശക്തിപെട്ടു വരികയാണ്. കലാപത്തിന് മുമ്പുണ്ടായിരുന്ന അത്ര ആൾക്കൂട്ടം ഇപ്പോൾ ഇല്ലെങ്കിലും സമരം ശക്തമായി മുന്നോട്ടു കൊണ്ടു പോകാൻ തന്നെയാണ് തീരുമാനമെന്നും, സമരത്തെ ഇരുമത വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷമായി കാണാൻ ആഗ്രഹമില്ലെന്നും സമരക്കാർ പ്രതികരിച്ചു.

കലാപമുണ്ടാക്കിയ ഞെട്ടലിൽ നിന്നും വടക്ക് കിഴക്കൻ ഡൽഹിയിലെ ആളുകൾ ഇനിയും മുക്തരായിട്ടില്ല. മുസ്തഫബാദ്, ബ്രംപുര എന്നിവിടങ്ങൾക്ക് പുറമേ കൂടുതൽ ഇടങ്ങളിൽ പുനഃരധിവാസ കേന്ദ്രങ്ങൾ ആരംഭിക്കും. ഭക്ഷണവും വെള്ളവും വസത്രവും അടക്കമുള്ളവ വിതരണം ചെയ്യുന്നുണ്ട്. മരുന്ന കടകളും പലചരക്ക് കടകളും തുറക്കാനാവശ്യമായ സഹായങ്ങൾ നൽകുമെന്ന് സർക്കാർ അറിയിച്ചു. മുടങ്ങിയ 10, 12 ക്ലാസുകളിലെ പരീക്ഷകൾ തിങ്കളാഴ്ച ആരംഭിക്കും. വിദ്യാലയങ്ങൾ ഉടൻ തുറക്കാനുള്ള നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്.

Content Highlights: Section 144 imposed in Delhi’s Shaheen Bagh