മുംബൈ: ഡല്‍ഹിയില്‍ നടന്ന കലാപത്തിന്റെ ഉത്തരവാദികള്‍ കേന്ദ്രസർക്കാരാണെന്ന വിമർശനവുമായി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാർ രംഗത്ത്. കേന്ദ്രം ഭരിക്കുന്നവർക്ക് ഡല്‍ഹി തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിയാത്തതിനാല്‍ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പവാർ കുറ്റപ്പെടുത്തി.
ഭരണഘടനാ പ്രകാരം, ഡല്‍ഹിയിലെ ക്രമ സമാധാനം സംരക്ഷിക്കേണ്ടത് ഭരിക്കുന്ന പാർട്ടിയുടെയോ രാഷ്ട്രീയ നേതാക്കളുടെയോ കടമയല്ല, ഈ ഉത്തരവാദിത്തം പൂർണമായും കേന്ദ്ര സർക്കാരിന്റേതാണെന്നും ശരദ് പവാർ പറഞ്ഞു. ഡല്‍ഹിയില്‍ ഇതുവരെ നടന്ന എല്ലാ അനിഷ്ട സംഭവങ്ങള്‍ക്കും നൂറു ശതമാനം ഉത്തരവാദികള്‍ കേന്ദ്ര സർക്കാരാണെന്നും അദ്ദേഹം വിമർശിച്ചു. തലസ്ഥാന നഗരി കുറച്ച് ദിവസങ്ങളായി കത്തിയെരിയുകയാണെന്നും, തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പ്രധാനമന്ത്രിയും, ആഭ്യന്തര മന്ത്രിയും, മറ്റ് കേന്ദ്രമന്ത്രിമാരും ഉപയോഗിച്ചത് വർഗീയതയാണെന്നും പവാർ കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി ഒരു രാജ്യത്തിന്റെ എല്ലാ മതങ്ങള്‍ക്കും, ജനങ്ങള്‍ക്കും, സംസ്ഥാനങ്ങള്‍ക്കും ഒരേപോലെ അവകാശപ്പെട്ടതാണ്. അങ്ങനൊരു വ്യക്തി മതത്തിന്റെ പേരില്‍ ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്നത് ആശങ്കയുണർത്തുന്ന കാര്യമാണെന്നും ശരദ് പവാർ പറഞ്ഞു. വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ കഴിഞ്ഞയാഴ്ച്ച നടന്ന കലാപത്തില്‍ 46 പേരാണ് മരിച്ചത്. 200 ഓളം പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
content highlights: Centre Responsible For Delhi Violence, BJP Dividing People: Sharad Pawar