ഡൽഹിയിലെ കലാപവുമായി ബന്ധപ്പെട്ട് അക്കാദമീഷ്യനും സാമൂഹ്യ പ്രവർത്തകയുമായ മധു പൂർണിമ കിഷ്വർ പുറത്തു വിട്ട വീഡിയോ വ്യാജമെന്ന് തിരിച്ചറിഞ്ഞു. മാർച്ച് 3 നാണ് ഡൽഹി കലാപകാരികളെ വീഡിയോയിലൂടെ തിരിച്ചറിയാൻ കഴിയുമെന്ന് കാണിച്ച് മധു പൂർണിമ കിഷ്വർ, തൊപ്പിധാരികളായ കുറേപ്പേർ അക്രമം നടത്തുന്ന വീഡിയോ ട്വിറ്ററിൽ ഷെയർ ചെയ്തത്. നഗരത്തിലുള്ള ക്യാമറ സംവിധാനമുള്ള ഫോണുകൾക്കും സിസിടിവിക്കും നന്ദി പറയുന്നുവെന്നും അതുകൊണ്ടാണ് ഡൽഹിയിലെ യഥാർത്ഥ കലാപകാരികളെ തിരിച്ചറിയാൻ കഴിഞ്ഞതെന്നുമുള്ള തലക്കെട്ടോടെയാണ് വീഡിയോ പങ്കുവച്ചത്. 7500 ലെെക്കുകളും 5200 റിട്വീറ്റുകളുമാണ് നിമിഷനേരത്തിനുള്ളിൽ ലഭിച്ചത്.
എന്നാൽ മധു പൂർണിമ കിഷ്വർ പുറത്തുവിട്ട വീഡിയോ 2018 ഡിസംബർ ഒന്നിന് ബംഗ്ലാദേശിലെ ഗാസിപൂരിൽ നടന്ന അക്രമത്തിൻ്റെ വീഡിയോ ആണ്. തബ്ലിക് ജമാഅത്ത് ഇസ്ലാമിക് പ്രസ്ഥാനത്തിലെ രണ്ടു വിഭാഗക്കാർ തമ്മിലുണ്ടായ ആക്രമണത്തിൻ്റെ വീഡിയോ ‘ന്യൂസ് നെറ്റ് വർക്ക്’ എന്ന യൂറ്റൂബ് ചാനലിൽ പോസ്റ്റ് ചെയ്തിരുന്നു. അതിൽ നിന്നും എടുത്താണ് വ്യാജ പ്രചാരണം നടത്തിയത്.
ഇതിനു മുമ്പും ഈ വീഡിയോ തന്നെ വ്യാജമായി പ്രചരിപ്പിച്ചിട്ടുണ്ട്. ‘2019 ൽ താമര തെരഞ്ഞെടുക്കുന്നതിൽ ആർക്കെങ്കിലും പ്രശ്നമുണ്ടെങ്കിൽ ഭാവിയിൽ തെരഞ്ഞെടുക്കാൻ തയ്യാറാകണം. നിങ്ങൾക്ക് ഇന്ത്യയുടെ ഭാവി കാണാൻ കഴിയും. ബംഗാളിൽ ഇസ്ലാമിക ഭീകരതയുടെ ഒരു ചെറിയ ട്രെയിലർ അവവതരിപ്പിച്ചു. ഇത് കണ്ടതിന് ശേഷം മുന്നോട്ട് പോവുക. ആളുകളെ വിവരങ്ങൾ അറിയിച്ചു കൊണ്ടേയിരിക്കുക’ എന്ന തലക്കെട്ടോടെ വാട്സാപ്പിൽ ഈ വീഡിയോ വെെറലായിരുന്നു.
ഇതിന് മുമ്പും മധു കിഷ്വർ വ്യാജ വാർത്തകൾ പ്രചരിപ്പിച്ചിട്ടുണ്ട്. 2019 ൽ ബലാത്സംഗക്കാരുടെ മനുഷ്യാവകാശം ഉയർത്തിപ്പിടിക്കാൻ മാധ്യമപ്രവർത്തകൻ റാണ അയ്യൂബ് ആഹ്വാനം ചെയ്തു എന്ന് തെറ്റായ രീതിയിൽ ട്വിറ്ററിൽ ഒരു ചിത്രം പങ്കുവച്ചിരുന്നു. ബുർഹാൻ വാനിയെ ജമ്മുകാശ്മീരിൽ കൊലപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥൻ്റെ സസ്പെൻഷനുമായി ബന്ധപ്പെട്ടും 2018 ൽ വ്യാജ വാർത്ത ഷെയർ ചെയ്തിരുന്നു.
20 ലക്ഷം ആളുകൾ ഫോളോ ചെയ്യുന്ന അക്കൌണ്ട് ആണ് മധു കിഷ്വറിൻ്റേത്. ‘മാനുഷി’ എന്ന വനിത ജേർണലിൻ്റെ സ്ഥാപകയും ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ച് വിഭാഗം ചെയർ പ്രൊഫസറുമാണ് മധു കിഷ്വർ.
content highlights: Madhu Kishwar posts video showing ‘anatomy of riots’, but clip is actually from Bangladesh