സെക്രട്ടറിയേറ്റ് തീപിടിത്തം: മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടിയുമായി സര്‍ക്കാര്‍

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലുണ്ടായ തീപിടിത്തത്തില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച മാധ്യമങ്ങള്‍ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. നയതന്ത്രവുമായി ബന്ധപ്പെട്ട ഫയലുകള്‍ കത്തി നശിച്ചെന്ന വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്ക് നേരെയാണ് നിയമനടപടി. ഇത് സംബന്ധിച്ച് എ.ജിയില്‍ നിന്ന് നിയമോപദേശം നേടിയ സര്‍ക്കാര്‍ മന്ത്രിസഭയിലും ചര്‍ച്ച ചെയ്ത ശേഷമാണ് തീരുമാനത്തിലെത്തിയത്.

സര്‍ക്കാരിന് അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിന് മാധ്യമങ്ങള്‍ക്കും പ്രതിപക്ഷ നേതാക്കള്‍ക്കുമെതിരെ നടപടിയെടുക്കാന്‍ ക്രിമിനല്‍ നടപടി ചട്ടം 199 (2) പ്രകാരം അധികാരമുണ്ട്. കൂടാതെ, അപകീര്‍ത്തികരമായ വാര്‍ത്തകള്‍ നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ പ്രസ് കൗണ്‍സിലിനെ സമീപിക്കാന്‍ കഴിയുമെന്നും എ.ജി സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.

സെക്രട്ടറിയേറ്റിലെ പൊതുഭരണ വിഭാഗത്തിലെ പൊളിറ്റിക്കല്‍ വിഭാഗത്തിലുണ്ടായ തീപിടിത്തത്തില്‍ ഫയലുകള്‍ കത്തി നശിച്ചു എന്ന ആക്ഷേപം ഉണ്ടായിരുന്നു. ഇത് മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. ഇതോടൊപ്പം പ്രതിപക്ഷ നേതാക്കന്‍മാരും ആക്ഷേപം ഉന്നയിച്ചിരുന്നു. മാധ്യമങ്ങള്‍ക്കെതിരെയുള്ള നടപടിയെടുക്കാന്‍ സംസ്ഥാന ആഭ്യന്തര സെക്രട്ടറി പി.കെ ജോസിനെ ചുമതലപ്പെടുത്താനാണ് മന്ത്രിസഭാ യോഗത്തില്‍ ധാരണയായത്.

Content Highlights: Secretariat Fire, Kerala Govt file case against media who gave fake news