ഡല്‍ഹി കലാപം ആസൂത്രിതം; അന്താരാഷ്ട്ര ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി ദേശീയ ന്യൂനപക്ഷ കമ്മീഷൻ

ന്യൂഡല്‍ഹി: ഡല്‍ഹി കലാപം ദേശീയ അന്വേഷണ ഏജൻസിയും, അമേരിക്കയിലെ രഹസ്യാന്വേഷണ ഏജൻസിയും സംയുക്തമായി അന്വേഷിക്കണമെന്ന ആവശ്യവുമായി ദേശീയ ന്യൂനപക്ഷ കമ്മീഷൻ രംഗത്ത്. ഡല്‍ഹിയില്‍ സംഘർഷം നടന്ന പ്രദേശങ്ങളും, ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരെയും സന്ദർശിച്ച ശേഷമാണ് അംഗങ്ങളുടെ പ്രതികരണം.

ഇത് ആസൂത്രിതമായ അക്രമമാണ്, ഇതിനെ വർഗീയ കലാപം എന്ന് വിളിക്കുന്നത് തെറ്റാണ്. അക്രമത്തിന് അന്താരാഷ്ട്ര ബന്ധങ്ങളുണ്ടെന്ന് സംശയിക്കുന്നതായും ബിജെപി നേതാവ് കൂടിയായ കമ്മീഷൻ അംഗം അതിഫ് റഷീദ് പറഞ്ഞു. സംഭവത്തിന്‍റെ ഗൌരവം പ്രധാനമന്ത്രിയുമായും ആഭ്യന്തരമന്ത്രിയുമായും ചർച്ച ചെയ്ത് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹി കലാപം അമേരിക്കൻ പ്രസിഡൻറ്‍ ഡൊണാള്‍ഡ് ട്രംപിന്‍റെ ഇന്ത്യ സന്ദർശനത്തോടെയാണ് ആരംഭിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കലാപത്തിന് കാരണമായെന്ന് കരുതപ്പെടുന്ന കപില്‍ മിശ്രയുടെ വിദ്വേഷ പ്രസംഗം പല തവണ നിരീക്ഷിച്ചതായും പ്രസംഗത്തില്‍ അക്രമം അഴിച്ചുവിടാൻ തക്ക ഗുരുതര ആരോപണങ്ങളൊന്നും കണ്ടെത്തിയില്ലെന്നും റഷീദ് പറഞ്ഞു. പ്രസംഗത്തിന് 16 മണിക്കൂർ സമയത്തേക്ക് അക്രമങ്ങളൊന്നും നടന്നിരുന്നില്ലെന്നും സംഘം നിരീക്ഷിച്ചു. ട്രംപ് ഇന്ത്യയില്‍ എത്തിയപ്പോള്‍ ആരംഭിച്ച കലാപം, അദ്ദേഹം മടങ്ങി പോയതോടെ അവസാനിച്ചെന്നും റഷീദ് കൂട്ടിച്ചേർത്തു.

Content Highlight:Minority Commission Panel says Delhi Riot is an international conspiracy

LEAVE A REPLY

Please enter your comment!
Please enter your name here