തടങ്കലില്‍ തുടരുന്ന ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ പുതിയ ചിത്രം പുറത്ത്

ശ്രീനഗർ: ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രിയായ ഒമർ അബ്ദുള്ളയുടെ പുതിയ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. നീണ്ട താടി വെച്ച് ഡോക്ടറോടൊപ്പം നില്‍ക്കുന്ന ചിത്രമാണ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്.

ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെയാണ് ജമ്മുകശ്മീരിലെ നേതാക്കളെ തടങ്കലില്‍ പാർപ്പിച്ചത്. ഓഗസ്റ്റ് 5 മുതലാണ് ഒമർ അബ്ദുള്ള, മെഹ്ബൂബ മുഫ്ത്തിയടക്കമുള്ള നേതാക്കളെ തടങ്കലില്‍ പാർപ്പിച്ചത്. നാഷണല്‍ കോണ്‍ഫറൻസ് നേതാവ് ഒമർ അബ്ദുള്ളയെ ഹരി നിവാസിലാണ് പാർപ്പിച്ചിരിക്കുന്നത്. തടങ്കലില്‍ പാർപ്പിച്ച അന്ന് മുതല്‍ അദ്ദേഹം താടി വടിക്കാൻ കൂട്ടാക്കിയിട്ടില്ല. ഇത് മൂന്നാമത്തെ തവണയാണ് ഒമർ അബ്ദുള്ളയുടെ ചിത്രം പുറത്ത് വിടുന്നത്.

ഒമർ അബ്ദുള്ളയുടെ പിതാവ് ഫറൂഖ് അബ്ദുള്ളയെ ശ്രീനഗറിലെ ഗുപ്കാർ വസതിയിലാണ് പാർപ്പിച്ചിരിക്കുന്നത്. മെഹ്ബൂബ മുഫ്ത്തിയെ എംഎ റോഡിലുള്ള സർക്കാർ കെട്ടിടത്തിലാണ് പാർപ്പിച്ചിരിക്കുന്നത്.

Content Highlight: Former Jammu and Kashmir Chief Minister Omar Abdullah’s new photo on social media