ശിവസേന വേർപിരിഞ്ഞത് ബിജെപിയുമായാണ്, ഹിന്ദുത്വവുമായല്ല; രാമ ക്ഷേത്ര നിർമാണത്തിന് ഒരു കോടി രൂപ പ്രഖ്യാപിച്ച് ഉദ്ധവ് താക്കറെ

ലക്‌നൗ: ശിവസേന വേർപിരിഞ്ഞത് ബിജെപിയുമായാണ്, ഹിന്ദുത്വവുമായല്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. അയോധ്യ രാമക്ഷേത്ര നിർമാണത്തിന് ഒരു കോടി പ്രഖ്യാപിച്ചാണ് താക്കറെ ഇക്കാര്യം വ്യക്തമാക്കിയത്. സ്വന്തം ട്രസ്റ്റില്‍ നിന്നാണ് തുക നല്‍കുന്നതെന്നും അയോധ്യ സന്ദർശനത്തിനെത്തിയ താക്കറെ പറഞ്ഞു.

മുഖ്യമന്ത്രിയായതിന് ശേഷം ആദ്യമായാണ് ഉദ്ധവ് അയോധ്യയിൽ സന്ദർശനം നടത്തിയത്. സർക്കാർ നൂറ് ദിവസം പൂർത്തിയാക്കിയ വേളയിൽ കൂടിയാണ് അദ്ദേഹം അയോധ്യയിലെ രാമജന്മഭൂമി സന്ദർശിച്ചത്. രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ബാല്‍ താക്കറെ നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് ട്രസ്‌റ്റിൽ പ്രാതിനിധ്യം വേണമെന്ന് ശിവസേന നേരത്തെ ആവശ്യപ്പെട്ടിരുന്നു.

അതേസമയം, ഹിന്ദുത്വവാദവുമായി ബന്ധപ്പെട്ട ഉദ്ധവിന്‍റെ പ്രസ്‌താവന ശിവസേന മുൻ നിലപാടുകളിൽ ഉറച്ച് നിൽക്കുന്നതിന്‍റെ സൂചനയാണെന്നാണ് വിലയിരുത്തൽ. എൻസിപി – കോൺഗ്രസ് സഖ്യം തുടരുമെങ്കിലും ഹിന്ദുത്വ അജണ്ട ഉപേക്ഷിക്കില്ലെന്ന സൂചന കൂടി നൽകുകയാണ് ഉദ്ധവും ശിവസേനയും. വിവിധ കാരണങ്ങളാല്‍ സഖ്യ സർക്കാരില്‍ തർക്കങ്ങള്‍ ഉടലെടുക്കുന്നതിനിടെയാണ് ഉദ്ധവിന്‍റെ പുതിയ പ്രഖ്യാപനം.

അയോധ്യ തർക്കഭൂമി കേസിൽ സുപ്രീംകോടതി അനുവദിച്ച് നൽകിയ ഭൂമിയിൽ പള്ളി കൂടാതെ ആശുപതിയും ലൈബ്രറിയും നിർമ്മിക്കുമെന്ന് ഉത്തർപ്രദേശ് സുന്നി സെൻ്റർ വഖഫ് ബോർഡ് കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. വൈകാതെ ട്രസ്‌റ്റ് രൂപീകരിക്കുമെന്നും പള്ളി നിർമ്മിക്കാനുള്ള നീക്കങ്ങൾ ആരംഭിക്കുമെന്നും ബോർഡ് ചെയർമാൻ സഫർ ഫറൂഖി പറഞ്ഞിരുന്നു.

Content Highlight: Uddhav government will fund rs one crore for Ayodya temple