മോദിയുടെ ട്വിറ്റർ അക്കൌണ്ടില്‍ വിജയ ഗാഥകള്‍ പങ്കുവെച്ച് ഏഴ് വനിതകള്‍

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വനിതാ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമൂഹ മാധ്യമ അക്കൌണ്ടുകള്‍ കൈകാര്യം ചെയ്തത് വിവിധ തുറകളില്‍ വിജയം കൈവരിച്ച ഏഴ് വനിതകള്‍. #SheInspiresUs എന്ന ഹാഷ്ടാഗോടെ ജീവിതത്തിലും ജോലിയിലും വിവിധ മേഖലകളിലും മറ്റുള്ളവരെ പ്രചോദിപ്പിക്കാൻ കഴിയുന്ന സ്ത്രീകള്‍ക്ക് തന്‍റെ സമൂഹ മാധ്യമ അക്കൌണ്ടുകള്‍ ഉപയോഗിക്കാൻ വിട്ടു നല്‍കുന്നവെന്ന് കഴിഞ്ഞ ദിവസമാണ് മോദി പ്രഖ്യാപിച്ചത്.

“കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഞാൻ പറഞ്ഞതുപോലെ, ഞാൻ സൈൻ ഓഫ് ചെയ്യുന്നു. ഇന്നത്തെ ദിവസം മുഴുവൻ, ഏഴ് വനിതകള്‍ അവരുടെ ജീവിത യാത്രകൾ പങ്കുവെക്കുകയും ഒരുപക്ഷേ എന്റെ സാമൂഹിക മാധ്യമത്തിലൂടെ നിങ്ങളുമായി സംവദിക്കുകയും ചെയ്യും.” ഇന്ന് രാവിലെ വനിതാ ദിനത്തിൽ ആശംസകൾ നേർന്ന് നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു.

ചെന്നൈ ആസ്ഥാനമായുള്ള സ്നേഹ മൊഹദോസാണ് ആദ്യമായി ട്വിറ്ററിലൂടെ തന്‍റെ കഥ പങ്കിട്ടത്. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന “ഫുഡ്ബാങ്ക് ഇന്ത്യ” യുടെ സ്ഥാപകയാണ്. “നിങ്ങൾ ചിന്തയ്‌ക്കുള്ള ഭക്ഷണത്തെക്കുറിച്ച് കേട്ടിട്ടുണ്ട്. ഇപ്പോൾ, നമ്മുടെ ദരിദ്രർക്ക് വേണ്ടിയും അവരുടെ നല്ല ഭാവിക്ക് വേണ്ടിയും പ്രവർത്തിക്കേണ്ട സമയമാണെന്ന് പറഞ്ഞാണ് സ്നേഹ ആരംഭിച്ചത്. സ്വയം പരിചയപ്പെടുത്തുന്ന ഒരു വീഡിയോയ്‌ക്കൊപ്പമാണ് ട്വിറ്റർ പോസ്റ്റ്.

പ്രസിഡന്‍റിന്‍റെ അവാർഡിനർഹയായ മാളവിക അയ്യർ ആണ് തുടർന്ന് തന്‍റെ അനുഭവങ്ങള്‍ പങ്കുവെച്ചത്. പതിമൂന്നാം വയസില്‍ ബോംബ് സ്ഫോടനത്തില്‍ നിന്ന് രക്ഷപ്പെട്ട കഥ വിവരിച്ചാണ് മാളവിക ഷി ഇൻസ്പൈർസ് അസിന്‍റെ ഭാഗമായത്. അപകടത്തില്‍ അംഗ വൈകല്യം സംഭവിച്ച മാളവിക വൈകല്യ പ്രവർത്തക കൂടിയാണ്.

“സ്വീകാര്യതയാണ് നമുക്ക് സ്വയം നൽകാൻ കഴിയുന്ന ഏറ്റവും വലിയ പ്രതിഫലം. നമുക്ക് നമ്മുടെ ജീവിതത്തെ നിയന്ത്രിക്കാൻ കഴിയില്ല, പക്ഷേ ജീവിതത്തോടുള്ള നമ്മുടെ മനോഭാവത്തെ നിയന്ത്രിക്കാൻ നമുക്ക് തീർച്ചയായും കഴിയും. ദിനാന്ത്യത്തില്‍, നമ്മുടെ വെല്ലുവിളികളെ അതിജീവിക്കുന്ന രീതിയാണ് ഏറ്റവും പ്രധാനം,” മാളവിക ട്വിറ്ററില്‍ കുറിച്ചു.

കശ്മീരിലെ പ്രാദേശിക സ്ത്രീകളെ ശാക്തീകരിക്കുന്ന, കശ്മീരിലെ പരമ്പരാഗത കരകൌശല വസ്തുക്കളെ പുനരുജ്ജീവിപ്പിക്കണമെന്ന് ആഗ്രഹിക്കുന്ന കശ്മീരി വനിതയും വനിതാ ദിനത്തില്‍ ചിന്തകള്‍ പങ്കുവെച്ചു. ശ്രീനഗർ ആസ്ഥാനമായുള്ള സ്ഥാപനത്തിന്‍റെ വനിതാ ഉടമസ്ഥയാണ് കശ്മീരില്‍ നിന്നുള്ള ആരിഫ.

ഇത്തരത്തില്‍ ജീവിതത്തിന്‍റെ വിവിധ തുറകളില്‍ വിജയം കൈവരിച്ച വനിതകളാണ് തങ്ങളുടെ വിജയ ഗാഥകള്‍ ജനങ്ങളിലേക്ക് എത്തിച്ചത്. സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം, ജനങ്ങള്‍ക്ക് അവബോധം നല്‍കാനും ഷി ഇൻസ്പൈർസ് അസിന് സാധിച്ചു.

Content Highlight: Women Who Took Over PM Modi’s Social Media Accounts