15 മണിക്കൂർ നീണ്ട എൻഫോഴ്സ്മെൻ്റ് ചോദ്യം ചെയ്യലിനൊടുവിൽ യെസ് ബാങ്ക് സ്ഥാപകൻ റാണ കപൂറിനെ അറസ്റ്റ് ചെയ്തു. കള്ളപണം വെളുപ്പിച്ചെന്ന കേസിൻ്റെ അടിസ്ഥാനത്തിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് റാണ കപൂറിൻ്റെ വീട്ടിൽ റെയ്ഡ് നടത്തിയിരുന്നു. വഴിവിട്ട വായ്പകളനുവദിച്ചതാണ് ബാങ്കിനെ തകർത്തത് എന്നാണ് റിസർവ് ബാങ്കിൻ്റെ കണ്ടെത്തൽ. സ്വകാര്യ സ്ഥാപനത്തിന് വഴിവിട്ട വായ്പ അനുവദിച്ചതിന് പിന്നാലെ റാണയുടെയും ഭാര്യയുടെയും അക്കൗണ്ടിലേക്ക് കോടികൾ എത്തിയതിൻ്റെ രേഖ എൻഫോഴ്സ്മെൻ്റ് ഡയറക്ടറിന് ലഭിച്ചതായാണ് വിവരം. കഴിഞ്ഞ വ്യാഴാഴ്ചയോടെയാണ് യെസ് ബാങ്കിൻ്റെ നിയന്ത്രണം റിസർവ് ബാങ്ക് ഏറ്റെടുക്കുന്നത്.
യെസ് ബാങ്കിന് മുകളിൽ ആർബിഐ നിയന്ത്രണം കൊണ്ടു വന്നതോടെ ഇടപാടുകാർ കൂട്ടത്തോടെ പണം പിൻവലിക്കാൻ ബാങ്ക് ശാഖകളിലേക്കെത്തുകയായിരുന്നു. ഇതേ തുടർന്ന് പിൻവലിക്കാനാകുന്ന തുക 50,000 ആയി നിയന്ത്രിക്കുകയും, ഇതിനു പിന്നാലെ പണം മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റാൻ തുടങ്ങിയതോടെ ഓൺലൈൻ സംവിധാനവും തകരാറിലാകുവുകയായിരുന്നു. ബാങ്കിനെ പണം പിൻവലിക്കുന്നതിൽ നിന്നും ആർബിഐ വിലക്കിയിട്ടുണ്ട്. പണം പിൻവലിക്കുന്നതിന് നിയന്ത്രണങ്ങൾ കൊണ്ടു വന്നതോടെ യെസ് ബാങ്ക് എടിഎമ്മുകളും കാലിയാണ്. ബാങ്കിൻ്റെ ഓഹരി മൂല്യം കുത്തനെ ഇടിയുകയും ചെയ്തു.
Content Highlights; yes bank founder rana kapoor arrested