ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസിൽ നിന്ന് രാജി വെച്ചു; ബിജെപിയിലേക്കെന്ന് സൂചന

ഭോപ്പാൽ: മുൻ കേന്ദ്രമന്ത്രിയും നാല് തവണ പാർലമെന്‍റ് അംഗവുമായ ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസിൽ നിന്ന് രാജി വെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായയെും ഡൽഹിയിൽ സന്ദർശിച്ച ശേഷമാണ് തീരുമാനം.

സിന്ധ്യയുടെ നീക്കം മധ്യപ്രദേശിലെ കമൽനാഥ് സർക്കാരിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ജനങ്ങള്‍ക്കിടയിൽ സ്വാധീനമുള്ള നേതാവിന്‍റെ നീക്കം ബിജെപിയിൽ ചേരാനാണെന്നാണ് സൂചനകള്‍. കൂടാതെ സിന്ധ്യയെ രാജ്യസഭാംഗമാക്കാനുള്ള സാധ്യതയും മുന്നിലുണ്ട്. 15 മാസം മാത്രം പഴക്കമുള്ള കമൽനാഥ് സർക്കാരിനെ അട്ടിമറിക്കുന്ന നീക്കത്തിന് 20 കോൺഗ്രസ് എം‌എൽ‌എമാരും പിന്തുണ അറിയിച്ച്, മധ്യപ്രദേശ് അസംബ്ലി സ്പീക്കർക്ക് രാജി കത്തുകൾ ഫാക്സ് വഴി സമർപ്പിക്കാൻ തയ്യാറാണെന്നും വൃത്തങ്ങൾ അറിയിച്ചു.

പ്രതിസന്ധി തുടരുന്നതിനിടെ, മുതിർന്ന കോണ്‍ഗ്രസ് നേതാവ് കെ സി വേണു ഗോപാൽ പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധിയുമായി ഡൽഹിയിൽ കൂടിക്കാഴ്ച്ച നടത്തി.

അതേസമയം, അനുരജ്ഞനത്തിനായി ശ്രമിച്ചിട്ടും അദ്ദേഹത്തിന് പന്നിപ്പനിയാണെന്നും സംസാരിക്കാൻ കഴിയില്ലെന്നുമാണ് പറയുന്നതെന്ന് പാർട്ടിയിലെ മുതിർന്ന നേതാവ് ദിഗ്വിജയ് സിങ് മാധ്യമങ്ങളോട് രാവിലെ പറഞ്ഞു. മധ്യപ്രദേശിലെ വോട്ടര്‍മാരുടെ ഉത്തരവിനെ അവഹേളിക്കുന്നവര്‍ക്ക്‌ ജനങ്ങള്‍ ഉചിതമായ മറുപടി നല്‍കുമെന്നും ധർമ്മ ബോധമുള്ള ആളുകൾ പാർട്ടിയിൽ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Jyotiraditya Scindia Quits Congress