ബിജെപി അംഗത്വത്തിന് പിന്നാലെ രാജ്യസഭാ സ്ഥാനാർത്ഥിത്വം ഏറ്റെടുത്ത് ജ്യോതിരാദിത്യ സിന്ധ്യ

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യയെ ബിജെപി മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. മൂന്ന് ഒഴിവുകളാണുള്ളത്. ഇതില്‍ രണ്ട് സീറ്റിലേക്കാണ് ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.

ഇന്ന് ഉച്ചയോടെയാണ് ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് സിന്ധ്യ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയില്‍ നിന്നും സിന്ധ്യ ബിജെപി അംഗത്വം സ്വീകരിച്ചു. സിന്ധ്യയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ബിജെപി അധ്യക്ഷന്‍ ജെ.പി നഡ്ഡ പറഞ്ഞു.

ചൊവ്വാഴ്ച സിന്ധ്യ കോണ്‍ഗ്രസില്‍നിന്നു രാജിവച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും സന്ദര്‍ശിച്ചു ചര്‍ച്ച നടത്തിയശേഷമാണ് സിന്ധ്യ രാജിവച്ചത്.

സിന്ധ്യക്കൊപ്പം രാജിവച്ചെ 20 എംഎല്‍ എ മാരെ കൂടി നഷ്ടമാകുമ്പോള്‍ 230 അംഗ നിയമസഭയില്‍ 120 അംഗങ്ങളുള്ള കമല്‍ നാഥ് സര്‍ക്കാറിന്റെ ആയുസ്സ് എണ്ണപ്പെട്ട് കഴിഞ്ഞു. ബാംഗ്ലൂരിലുള്ള എംഎല്‍ എ മാരുമായി ദ്വിഗ് വിജയ് സിങ് ഉള്‍പ്പെടെ ഉള്ളവര്‍ ചര്‍ച്ച നടത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും എല്ലാം വിഫലമാണ്. ജ്യോതിരാദിത്യക്ക് രാജ്യസഭാ സീറ്റു നല്‍കുന്നതിനു പുറമെ വൈകാതെ കേന്ദ്രമന്ത്രിസഭയില്‍ അംഗമാക്കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Content Highlight: jyotiraditya-scindia-to-be-bjp-s-rajya-sabha-candidate-from-madhya-pradesh