കൊറോണ: അതീവ ജാഗ്രതയിൽ കേരളം; രണ്ട് വയസുകാരിയുടേത് ഉള്‍പ്പെടെ 24 പേരുടെ പരിശോധനാഫലം ഇന്ന്

പത്തനംതിട്ട: കൊറോണ വൈറസ് സ്ഥിരീകരിച്ച പത്തനംതിട്ട സ്വദേശിയിൽ നിന്ന് വൈറസ് പകർന്നിട്ടുണ്ടെന്ന് സംശയിച്ച് ഇന്നലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയ രണ്ട് വയസുകാരിയുടേതടക്കം 24 പേരുടെ പരിശോധനാഫലം ഇന്ന് ലഭിക്കും. വൈറസ് സ്ഥിരീകരിച്ചവരുമായി അടുത്തിടപഴകിയ 301 പേരിൽ ആരെങ്കിലും രോഗലക്ഷണം പ്രകടിപ്പിച്ചാൽ അവരെയും ഇന്ന് ആശുപത്രിയിലേക്ക് മാറ്റാനാണ് ആരോഗ്യ വകുപ്പിൻറെ തീരുമാനം. പത്തനംതിട്ടയിൽ കൂടുതൽ രോഗം പടരാൻ സാധ്യതയുണ്ടെന്ന നിഗമനത്തിൽ 100 കിടക്കകളുള്ള ഐസൊലേഷൻ വാർഡിനുള്ള സ്ഥനം ആരോഗ്യ വകുപ്പ് അന്വേഷിക്കുന്നുണ്ട്.

അതേസമയം മൂന്ന് പേര്‍ക്ക് കോവിഡ് -19 വൈറസ് ബാധ സ്ഥിരീകരിച്ച എറണാകുളത്ത് പ്രതിരോധ നടപടികള്‍ ശക്തമാക്കി. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ 23 പേരാണ് ഐസൊലേഷന്‍ വാര്‍ഡിലുള്ളത്.

അതിനിടെ ഖത്തര്‍ എയര്‍വേസ് വിമാനത്തില്‍ 40 മലയാളികള്‍ ഇറ്റലിയില്‍ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തി. ഇവരുടെ രക്ത സാമ്പിളുകള്‍ വിശദ പരിശോധനയ്ക്ക് അയയ്ക്കും. പുലര്‍ച്ചെ 2.20നാണ് ഇവര്‍ കൊച്ചിയിലെത്തിയത്. എറണാകുളത്തുനിന്നുള്ള 75 സാമ്പിളുകളുടെ പരിശോധനാ ഫലം ഇനിയും കിട്ടാനുണ്ട്. പ്രതിരോധ നടപടിയുടെ ഭാഗമായി ലക്ഷദ്വീപിലേക്കുള്ള വിനോദസഞ്ചാരം താത്കാലികമായി നിര്‍ത്തിവെച്ചു.

കോട്ടയത്ത് കൊറോണ സ്ഥിരീകരിച്ച നാലുപേരുടെയും ആരോഗ്യനില തൃപ്തികരമാണ്. ഇറ്റലിയിൽ നിന്നെത്തിയവരുമായി സമ്പർക്കം പുലർത്തിയ 23 പേരെ വീട്ടു നിരീഷണത്തിൽ ആക്കിയിട്ടുണ്ട്. കോട്ടയത്ത് ആകെ 167 പേരാണ് നിരീഷണത്തി ഉള്ളത്.

Content Highlight: test result of 24 came today