ഭോപ്പാൽ: കോൺഗ്രസിൽ നിന്ന് രാജി വെച്ച് ബിജെപിയിൽ ചേർന്ന ജ്യോതിരാദിത്യ സിന്ധ്യയോടൊപ്പം ചേർന്ന 6 എംഎൽഎമാരെ അയോഗ്യരാക്കണെമന്ന് ആവശ്യപ്പെട്ട് സ്പീക്കർക്ക് കത്ത് നൽകാനൊരുങ്ങി കോൺഗ്രസ് നേതൃത്വം. ഇന്നലെയാണ് കമൽനാഥ് മന്ത്രിസഭയിലെ ആറ് എംഎൽഎമാരുള്‍പ്പെടെ 16 പേർ കോൺഗ്രസിൽ നിന്ന് രാജി വെച്ചത്.
മഹേന്ദ്ര സിംഗ് സിസോഡിയ, ഇമാർട്ടി ദേവി, തുളസി സിലാവത്ത്, പ്രഭുരം ചൗധരി, ഗോവിന്ദ് സിംഗ് രജ്പുത്, പ്രധുമാൻ സിംഗ് തോമർ എന്നിവർക്കെതിരെ ഭരണഘടനയുടെ 191 (2) അനുശ്ചേദ പ്രകാരം ആറ് പ്രത്യേക ഹർജികള്‍ സമർപ്പിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം.
ഒരു നിയമസഭാംഗമോ ലെജിസ്ലേറ്റീസ് കൗണ്‍സില്‍ അംഗമോ ആയ ഒരാള്‍ പാര്‍ട്ടി അംഗത്വം ഉപേക്ഷിക്കുകയോ അല്ലെങ്കില്‍ പാര്‍ട്ടി വിപ്പ് ലംഘിക്കുകയോ ചെയ്താല്‍ അയാളെ അയോഗ്യനാക്കാമെന്നാണ് പത്താം ഷെഡ്യളില്‍ പറയുന്നത്. കോണ്‍ഗ്രസ് നേതാവ് ഡി.പി. ധനോപിയ ആണ് സ്പീക്കര്‍ക്ക് ഈ വകുപ്പുകള്‍ ചൂണ്ടിക്കാട്ടി കത്ത് നല്‍കിയിരിക്കുന്നത്.
രാജിവെച്ച എംഎല്‍എമാര്‍ ഇ-മെയില്‍ ആയാണ് തങ്ങളുടെ രാജിക്കത്ത് അയച്ചിരിക്കുന്നത്. എന്നാല്‍ അവര്‍ നേരിട്ടുവന്ന് രാജി സമര്‍പ്പിച്ചാല്‍ മാത്രമേ അത് പരിഗണിക്കാന്‍ സാധിക്കൂവെന്ന് സ്പീക്കര്‍ എന്‍.പി.പ്രജാപതി വ്യക്തമാക്കി.
Content Highlight: MP Congress to declare 6 MLAs as disqualified