ലോകം മുഴുവൻ പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന കൊവിഡ് 19 നെ ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ചു. വിവിധ രാജ്യങ്ങളിൽ ഒരേ സമയം പടർന്ന് പിടിക്കുന്ന രോഗങ്ങളെയാണ് ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിക്കാറുള്ളത്. ലോകാമെമ്പാടും 4300 പേരാണ് കൊറോണ ബാധിച്ച് ഇതിനോടകം മരണപെട്ടിട്ടുള്ളത്. രണ്ടാഴ്ച കൊണ്ട് ചൈനയ്ക്ക് പുറത്ത് 13 മടങ്ങാണ് രോഗവ്യാപനം ഉണ്ടായിരിക്കുന്നതെന്ന് ഡബ്ല്യൂ.എച്ച്.ഒ മേധാവി ഡോ ടെഡ്രോസ് അഥാനൊം ഗെബ്രെബസസ് പറഞ്ഞു.
ലോകാരോഗ്യ സംഘടന മുഴുവൻ സമയവും സാഹചര്യങ്ങൾ വിലയിരുത്തി കൊണ്ടിരിക്കുകയാണെന്നും, അപകടകരമായ രീതിയിലുള്ള കൊറോണ വ്യാപനം ആശങ്കപെടുത്തുന്നതാണെന്നും അതുകൊണ്ടു തന്നെ കൊവിഡ് 19 നെ മഹാമാരിയായി പ്രഖ്യാപിക്കുന്നതായും ഡബ്ല്യൂ.എച്ച്.ഒ മേധാവി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മഹാമാരി എന്നത് നിസ്സാരമായി ഉപയോഗിക്കേണ്ട പദമല്ലെന്ന മുന്നറിയിപ്പോടെയായിരുന്നു പ്രഖ്യാപനം. ചൈനയിലെ വുഹാനിൽ നിന്നും പൊട്ടിപുറപ്പെട്ട വൈറസ് ലോകത്തെങ്ങുമായി ഒരു ലക്ഷത്തിലധികം ആളുകളെയാണ് രോഗത്തിനിരയാക്കിയിട്ടുള്ളത്.
മഹാമാരിയായി പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇപ്പോൾ തുടരുന്ന പ്രതിരോധ സംവിധാനങ്ങൾ കൂടുതൽ ശക്തിപെടുത്തണമെന്ന് ലോകാരോഗ്യ സംഘടന നിർദേശിച്ചു. കൊറോണ വൈറസ് കാരണം ഇതിന് മുമ്പ് മഹാമാരി പ്രഖ്യാപിക്കേണ്ടി വന്നിട്ടില്ലെന്നും നിയന്ത്രിക്കാൻ കഴിയുന്നതാണ് മഹാമാരികളെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. ഇതിൽ അതീവ ജാഗ്രത പുലർത്തേണ്ടതിനെ കുറിച്ച് തുടക്കം മുതലേ ഡബ്ല്യൂഎച്ച്ഒ മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്ത്യയിൽ നിലവിൽ 67 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിയ്യുള്ളത്.
Content Highlights; WHO declares coronavirus crisis a pandemic