ഫറൂഖ് അബ്ദുള്ളയെ വീട്ടുതടങ്കലിൽ നിന്ന് മോചിപ്പിച്ചു; മോചനം ഏഴ് മാസങ്ങള്‍ക്ക് ശേഷം

കശ്മീർ: കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളയുന്നതിന്‍റെ ഭാഗമായി ഭരണകൂടം വീട്ടുതടങ്കലിലാക്കിയ ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയെ മോചിപ്പിച്ചു. ഏഴു മാസങ്ങൾക്ക് ശേഷമാണ് നാഷണൽ കോൺഫറൻസ് നേതാവിനെ മോചിപ്പിച്ചിരിക്കുന്നത്.

83 കാരനായ ഫറൂഖ് അബ്ദുള്ളയുടെ മകനായ ഒമർ അബ്ദുള്ളയുൾപ്പെടെ കശ്മീരിലെ മറ്റ് നിരവധി രാഷ്ട്രീയ നേതാക്കളെയും ഭരണകൂടം തടവിലാക്കിയിരുന്നു. ഇവരിൽ പലരുടെയും തടവ് ഇപ്പോഴും തുടരുകയാണ്. പിഡിപി നേതാവ് മെഹബൂബ മുഫ്തിയുടെയും ഒമർ അബ്ദുള്ളയുടെയും തടവ് എന്ന് അവസാനിക്കുമെന്ന് വ്യക്തമായിട്ടില്ല.

ആഗസ്റ്റ് അഞ്ച് മുതലായിരുന്നു കശ്മീരിലെ രാഷട്രീയ നേതാക്കളെ വീട്ടു തടങ്കലിലാക്കിയത്. കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിന് മുന്നോടിയായി വൻ സുരക്ഷാ ക്രമീകരണങ്ങളായിരുന്നു കേന്ദ്രസർക്കാർ ഇവിടെ ഏർപ്പെടുത്തിയത്.

Content Highlight: Farooq Abdullah set free from house arrest