ഇസ്ലാമാബാദ്: കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിനായി സാര്‍ക്ക് രാജ്യങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ചര്‍ച്ച നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യര്‍ത്ഥന അംഗീകരിച്ച് പാകിസ്താന്. ആഗോളതലത്തിലും പ്രാദേശിക തലത്തിലും ഏകോപനം വേണ്ടതിന്റെ ആവശ്യകത അംഗീകരിച്ച് സാര്‍ക്ക് രാജ്യങ്ങളുടെ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുമെന്ന് പാകിസ്താന് അറിയിച്ചു.
പാകിസ്താന് വിദേശകാര്യ മന്ത്രാലയ വക്താവ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നിര്‍ദ്ദിഷ്ട വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിനായി പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് പ്രത്യേക ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥനെ നിയോഗിച്ചിട്ടുണ്ടെന്ന് വക്താവ് അറിയിച്ചു. കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിന് ശക്തമായ തന്ത്രങ്ങള്‍ ആവിഷ്ക്കരിക്കാന്‍ സാര്‍ക്ക് രാജ്യങ്ങളോട് അഭ്യര്‍ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസമാണ് ട്വീറ്റ് ചെയ്തത്. ഈ തന്ത്രങ്ങള്‍ വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ചര്‍ച്ചചെയ്യാമെന്നും സാര്‍ക്ക് രാജ്യങ്ങള്‍ ഒന്നിച്ചുവരുന്നത് ലോകത്തിന് ഒരു മാതൃകയാണെന്നും മോദി അഭിപ്രായപ്പെട്ടിരുന്നു.
ആഗോള ജനസംഖ്യയുടെ ഗണ്യമായ പങ്കുള്ള ദക്ഷിണ ഏഷ്യ, ജനങ്ങളുടെ ആരോഗ്യം ഉറപ്പാക്കുന്നതിന് സാധ്യമായ എല്ലാ വഴികളും തേടണമെന്ന് പ്രധാനമന്ത്രി ട്വിറ്ററിലൂടെ പറഞ്ഞു. നൊവല്‍ കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ ഗവണ്മെന്റ് വിവിധ തലങ്ങളില്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
പാകിസ്താന് ഒഴികെയുള്ള മറ്റു സാര്‍ക്ക് രാജ്യങ്ങള്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശത്തെ നേരത്തെ സ്വാഗതം ചെയ്തിരുന്നു. മാരകമായ രോഗത്തില്‍ നിന്നും രാജ്യത്തെ ജനങ്ങളെ രക്ഷിക്കാന്‍ സാര്‍ക്കുമായി സഹകരിച്ച് എന്തുംചെയ്യാന്‍ തയ്യാറാണെന്ന് നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലി പ്രതികരിച്ചു.
സങ്കീര്‍ണമയ ഈ സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുന്നിട്ടിറങ്ങിയ പ്രധാനമന്ത്രി മോദിയോട് നന്ദി പറയുന്നുവെന്ന് മാലിദ്വീപ് പ്രസിഡന്റ ഇബ്രാഹിം മൊഹമ്മദ് സോലി പറഞ്ഞു. കൊറോണയെ പരാജയപ്പെടുത്താന്‍ കൂട്ടായ പരിശ്രമമാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മഹത്തായ സംരംഭം എന്നാണ് പ്രധാനമന്ത്രിയുടെ അഭ്യര്‍ഥനയെ പ്രശംസിച്ചുകൊണ്ട് ശ്രീലങ്കന്‍ പ്രസിഡന്റ് ഗൊട്ടബായ രാജ്പക്സെ പറഞ്ഞത്.
Content Highlight: Pakistan will participate in the SAARC Conference