ആഗോളതലത്തിൽ വെല്ലുവിളി ഉയർത്തുന്ന കൊറോണ വൈറസിനെ ചെറുക്കാൻ നടപടികളുമായി ലോകരാജ്യങ്ങള്‍. ഇന്നലെ ചേർന്ന സാർക്ക് യോഗത്തിൽ അടിയന്തിര നിധി സ്വരൂപിക്കാൻ ധാരണയായി. ആദ്യ വിഹിതമെന്ന നിലയിൽ ഒരു കോടി ഡോളർ (74 കോടി രൂപ) ഇന്ത്യ നൽകാമെന്ന് വാഗ്ദാനം ചെയ്തു. വീഡിയോ കോൺഫറൻസ് വഴിയായിരുന്നു സാർക്ക് യോഗം ചേർന്നത്.
അടിയന്തരഘട്ടത്തിൽ കൊറോണയെ നേരിടാൻ അംഗരാജ്യങ്ങൾക്ക് ഈ ഫണ്ട് ഉപയോഗിക്കാമെന്നും മോദി പറഞ്ഞു. നിർദേശത്തെ ബംഗ്ലാദേശ്, ശ്രീലങ്ക, മാലിദ്വീപ്, നേപ്പാൾ, ഭൂട്ടാൻ, അഫ്ഗാനിസ്താൻ എന്നീ രാജ്യങ്ങൾ സ്വാഗതം ചെയ്തു. അടുത്തയാഴ്ച ചേരുന്ന യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കൊറോണ വിഷയം ചർച്ച ചെയ്യാൻ സാർക്ക് രാജ്യതലവന്മാരുടെ യോഗം ചേരാൻ മുൻകൈ എടുത്തത്. ലോകം നേരിടുന്ന വെല്ലുവിളിയെ കൂട്ടായി നേരിടേണ്ട സമയമാണെന്ന് ചർച്ചയ്ക്കു തുടക്കമിട്ട് പ്രധാനമന്ത്രി മോദി പറഞ്ഞു.
സാർക് രാജ്യങ്ങളുടെ സംഭാവനകളെ അടിസ്ഥാനമാക്കി അടിയന്തര നിധി തയ്യാറാക്കാനാണ് തീരുമാനം. ഏതു രാജ്യത്തിനും അടിയന്തരഘട്ടത്തിൽ ഈ നിധിയിൽനിന്ന് പണമെടുക്കാൻ കഴിയണം. ആരോഗ്യവിദഗ്ധരെയും ഡോക്ടർമാരെയും ഉൾപ്പെടുത്തി ഒരു തീവ്ര പ്രതികരണസംഘത്തിന് ഇന്ത്യ രൂപം കൊടുത്തിട്ടുണ്ടെന്നും, മരുന്നുകൾ, ഉപകരണങ്ങൾ എന്നിവയും സജ്ജമാണെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഏതെങ്കിലും രാജ്യത്തിന് അടിയന്തരസഹായം ആവശ്യമായാൽ ഈ സംഘത്തെ അയക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
Content Highlight: Emergency fund settled for handling corona challenge