കൊറോണ: സമൂഹ വ്യാപനത്തിന് സാധ്യത; അടുത്ത നാലാഴ്ച്ച നിര്‍ണായകം

ന്യൂഡല്‍ഹി: കൊറോണ വൈറസ് രാജ്യമെമ്പാടും അതിവേഗം പടരുന്ന സാഹചര്യത്തില്‍ കനത്ത നിയന്ത്രണങ്ങളൊരുക്കുകയാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍. പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനത കര്‍ഫ്യൂവിന് പിന്തുണ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. അതേസമയം, കൊറോണ വൈറസ് സമൂഹ വ്യാപന സാധ്യതകള്‍ ഏറിയതോടെ അടുത്ത നാലാഴ്ച്ച നിര്‍ണായകമാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയത്.

സമൂഹിക അകലം പാലിക്കാന്‍ ശ്രദ്ധിക്കണെമന്നാണ് പ്രധാനമന്ത്രി അറിയിച്ചത്. കേന്ദ്രവും സംസ്ഥാനങ്ങളും മഹാമാരിയെ തടുക്കാന്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നാണ് മോദി ജനങ്ങളോട് ആഹ്വാനം ചെയ്തത്. വിദേശ യാത്ര നടത്തിയവരോ ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരോ ആണ് ഇതുവരെ രോഗബാധിതരായിരിക്കുന്നത്. ആളുകള്‍ പുറത്തിറങ്ങാതെ സമ്പര്‍ക്കം ഇല്ലാതെ തുടര്‍ന്നാല്‍ മാത്രമേ വൈറസ് വ്യാപനം തടയാനാകൂ എന്ന മുന്നറിയിപ്പാണ് വിദഗ്ധര്‍ നല്‍കുന്നത്. സമൂഹ വ്യാപനം തുടങ്ങിയാല്‍ നിയന്ത്രണം ദുഷ്‌കരമാകും.

പനിയോ, ജലദോഷമോ, തൊണ്ടവേദനയോ അടക്കം എന്തെങ്കിലും ലക്ഷണങ്ങള്‍ കാണുന്നവര്‍ ഉടന്‍ തന്നെ ചികിത്സ തേടണമെന്നാണ് ലോകാരോഗ്യ സംഘടന നല്‍കുന്ന നിര്‍ദ്ദേശം. തുടര്‍ച്ചയായ പരിശോധന ആവശ്യമാമെന്നും സംഘടന വ്യക്തമാക്കുന്നു. സമൂഹ വ്യാപനം തടയാന്‍ മുഴുവന്‍ ആളുകളെയും പരിശോധനക്ക് വിധേയമാക്കുകയാണ് ഏക മാര്‍ഗമെന്നും ലോകാരോഗ്യ സംഘടന കൂട്ടിച്ചേര്‍ക്കുന്നു.

നിരന്തരം പരീക്ഷണം നടത്തുന്നതിലൂടെ പ്രാഥമിക ഘട്ടത്തില്‍ തന്നെ രോഗം കണ്ടെത്താനാകും. ഇത് രോഗാവസ്ഥ ഗുരുതരമാകുന്നത് തടയുകയും രോഗം ഭേദമാകാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും. ഇത്തരത്തില്‍ തുടര്‍ച്ചയായ പരിശോനകളിലൂടെ വിജയിച്ചതിന് ഉദാഹരണമാണ് ദക്ഷിണ കൊറിയ. ചൈനയില്‍ രോഗം പടരാന്‍ തുടങ്ങി ദിവസങ്ങള്‍ക്കകം ദക്ഷിണ കൊറിയയിലും രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ പിന്നീട് അവര്‍ പരിശോധന വ്യാപമാക്കി. ഇതോടെ പെട്ടെന്ന് തന്നെ രോഗം സ്ഥിരീകരിക്കാനായി. അതിനാല്‍ രോഗം സ്ഥിരീകരിച്ച യുവാക്കള്‍ ഭൂരിഭാഗവും സുഖപ്പെട്ടു.

Content Highlight: Corona Virus, avoid chances to spread