കാസര്‍ഗോഡ് കര്‍ശന നിയന്ത്രണം; അനാവശ്യമായി പുറത്തിറങ്ങിയാല്‍ അറസ്റ്റ്

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയതായി 30 കൊറോണ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ കൂടുതല്‍ ജാഗ്രത ഉറപ്പുവരുത്തി കേരളം. സംസ്ഥാനത്തുടനീളം സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ കര്‍ശന നിയന്ത്രണങ്ങളാണ് ജില്ലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആളുകള്‍ അനാവശ്യമായി പുറത്തിറങ്ങി നടന്നാല്‍ അറസ്റ്റ് ചെയ്യാനും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കാസര്‍ഗോട്ടേക്കുള്ള വഴികളും അർദ്ധ രാത്രിയോടെ അടച്ചു.

സംസ്ഥാനത്ത് ഇന്നലെ സ്ഥിരീകരിച്ച 28 കേസുകളില്‍ 19 കേസുകളും കാസര്‍ഗോഡാണ്. ഇവരില്‍ 25 പേരും വിദേശത്ത് നിന്നെത്തിയവരാണ്. കൊറോണ വൈറസ് വ്യാപകമായ സാഹചര്യത്തില്‍ നിരീക്ഷണത്തിലുള്ളവര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദ്ദേശമാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. നിരീക്ഷണത്തിലുള്ളവരുടെ വിശദാംശങ്ങള്‍ അയല്‍ക്കാര്‍ക്കും ലഭ്യമാക്കും.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെത്തുന്നവര്‍ 14 ദിവസത്തെക്ക് നിരീക്ഷണത്തില്‍ കഴിയാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. സംസ്ഥാനം മുഴുവന്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത് അസാധാരണ സാഹചര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍ ഇതുവരെ 94 കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്.

Content Highlight: High Control imposed in Kasargod as corona cases increased to 19