കൊവിഡ്-19: യുഎസില്‍ 2.2 ട്രില്യണ്‍ ഡോളറിന്റെ പാക്കേജിന് അംഗീകാരം

ന്യൂയോര്‍ക്ക്: യുഎസില്‍ കൊവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 1000 കടന്നതോടെ, കൊറോണ വൈറസ് പ്രതിരോധത്തിനുള്ള പ്രത്യേക സാമ്പത്തിക പാക്കേജിന് യുഎസ് സെനറ്റ് അംഗീകാരം നല്‍കി. ദിവസവും ആയിരക്കണക്കിനാളുകളാണ് രോഗബാധിതരാകുന്നത്. 2.2 ട്രില്യന്‍ ഡോളറിന്റെ സഹായ പാക്കേജാണ് ബുധനാഴ്ച രാത്രി സെനറ്റ് അംഗീകരിച്ചത്. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് നഷ്ടം നേരിടുന്ന വ്യവസായങ്ങളെയും തൊഴിലാളികളെയും സഹായിക്കാനും ആരോഗ്യ മേഖലയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാനുമാണ് തുക ഉപയോഗിക്കുക.

ദിസവങ്ങളോളം നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് സെനറ്റ് ഏകകണ്ഠമായി ബില്‍ അംഗീകരിച്ചത്. രാജ്യം ഇതുവരെ നേരിടാത്തത്ര വലിയ വെല്ലുവിളിയാണിതെന്ന് വിലയിരുത്തിയാണ് ഇതുവരെ പ്രഖ്യാപിക്കാത്തത്രയും വലിയ സാമ്പത്തികരക്ഷാ പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്. 880 പേജുകളാണ് യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക സഹായ ബില്ലിനുള്ളത്.

അടിയന്തിര പ്രധാന്യത്തോടെ അവതരിപ്പിക്കുന്ന ബില്ലില്‍ താന്‍ ഉടനെ ഒപ്പുവെക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞത്. സെനറ്റില്‍ ബില്‍ അവതരിപ്പിച്ചപ്പോള്‍ തുടക്കത്തില്‍ റിപ്പബ്ലിക്കന്‍സും ഡെമോക്രാറ്റുകളും തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ചര്‍ച്ചകളിലൂടെ സമവായത്തിലെത്തിയ ശേഷമാണ് ബില്‍ പാസാക്കിയത്.

ലോകത്ത് വൈറസ് വ്യാപനത്തിന്റെ അടുത്ത കേന്ദ്രമായി യുഎസ് മാറുമെന്നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. യുഎസില്‍ 68449 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 1032 പേരാണ് മരിച്ചത്.

Content Highlight: 2.2 Trillion aid Package approved in US