കൊവിഡ് 19ൻ്റെ പശ്ചാത്തലത്തിൽ 1.7 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് നിർമല സീതാരാമൻ. പ്രധാനമന്ത്രിയുടെ ഗരീബ് കല്യാൺ യോജന പ്രകാരമാണ് പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്. ഗ്രാമങ്ങളിലും നഗരങ്ങളിലുമുളള പാവപ്പെട്ട ജനങ്ങൾക്കും ഇതര സംസ്ഥാന തൊഴിലാളികൾക്കുമാണ് പാക്കേജ്. പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജനയിൽ 80 കോടി ഇന്ത്യക്കാരെ ഉൾക്കൊള്ളിക്കും. ഇവർക്ക് അഞ്ച് കിലോ അരി അല്ലെങ്കിൽ ഗോതമ്പ് സൌജന്യമായി നൽകും. നിലവില്‍ നല്കുന്ന അഞ്ച് കിലോയ്ക്ക് പുറമെയായിരിക്കുമിത്. അരിയോ ഗോതമ്പോ ഏതാണ് ആവശ്യമെങ്കില്‍ അത് തിരഞ്ഞെടുക്കാം. അടുത്ത മൂന്നു മാസത്തേക്കാണ് ഇത് ലഭിക്കുക.
ആരും പട്ടിണികിടക്കിടക്കാതിരിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് വ്യക്തമാക്കിയ നിർമല സീതാരാമൻ ആശുപത്രിയിലെ ജീവനക്കാർക്ക് ആരോഗ്യ ഇൻഷുറൻസും പ്രഖ്യാപിച്ചു. ഒരു ജീവനക്കാരന് 50 ലക്ഷം രൂപയുടെ കവറേജ് ലഭിക്കും. മൂന്ന് മാസത്തേക്കാണ് ഇൻഷുറൻസ്. 8.69 കോടി കർഷകർക്ക് അടിയന്തര സാമ്പത്തിക സഹായമായി 2,000 രൂപ വീതം നൽകും.
20 കോടി വനിതകൾക്ക് ജൻധൻ അക്കൗണ്ടില്‍ മൂന്നുമാസം 500 രൂപ വീതം നൽകും. എട്ടുകോടി പാവപ്പെട്ട കുടുംബങ്ങൾക്ക് സൗജന്യ എൽപിജി സിലിണ്ടർ അനുവദിക്കും. ചെറുകിട സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ മൂന്നുമാസത്തെ പിഎഫ് തുക സർക്കാർ നൽകും. വനിതാ സ്വയം സഹായ സംഘങ്ങൾക്ക് 20 ലക്ഷം വായ്പ നൽകും.
മുതിര്‍ന്ന പൗരന്മാര്, വിധവകള്‍, ഭിന്നശേഷിക്കാര്‍, പെന്‍ഷന്‍കാര്‍ എന്നിങ്ങനെ മൂന്നുകോടി ആളുകള്‍ക്ക് 1000 രൂപ വീതം അടുത്ത മൂന്നു മാസവും നല്‍കും. തൊഴിലുറപ്പ് പദ്ധതിയുടെ വേതനം കൂട്ടി. 182 രൂപ 202 രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്. നിർമ്മാണ തൊഴിലാളികളെ സംരക്ഷിക്കാൻ കെട്ടിടനിർമ്മാണ നിധി ഉപയോഗിക്കും. ഈ നിധിയിലെ 31000 കോടി രൂപ സംസ്ഥാന സർക്കാരുകൾക്ക് ഉപയോഗിക്കാം. ജില്ലാ ധാതു നിധിയിലെ തുക കൊവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന് ഉപയോഗിക്കാമെന്നും മന്ത്രി പറഞ്ഞു. ഇപ്പോൾ പാവപ്പെട്ടവർക്ക് ആശ്വാസം നല്‍കാനുള്ള നടപടികളാണ് പ്രഖ്യാപിച്ചതെന്നും കൂടുതൽ നടപടികൾ പിന്നീട് ആലോചിക്കുമെന്നും നിർമല സീതാരാമൻ വ്യക്തമാക്കി.
content highlights: FM Nirmala Sitharaman announces Rs 1.7 lakh crore relief package for poor