ഓൺലെെൻ വഴി മദ്യം നൽകില്ല, മദ്യത്തിന് ആസക്തിയുളളവർ അതിൽ നിന്ന് പിൻമാറാൻ ശ്രമിക്കണം; എക്സെെസ് മന്ത്രി

ഓൺലെെൻ വഴി മദ്യം വിതരണം ചെയ്യില്ലെന്ന് വ്യക്തമാക്കി എക്സെെസ് വകുപ്പ് മന്ത്രി ടി. പി രാമകൃഷ്ണൻ. കഴിയുന്നത്ര ലഹരി ഉപയോഗത്തിൽ നിന്ന് ആളുകൾ പിൻതിരിയണമെന്നും അതിനായി ആവശ്യമെങ്കിൽ ഡി അഡിക്ഷൻ സെൻ്ററുകളടക്കം വർദ്ദിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ഓൺലെെൻ മദ്യ വ്യാപാരം ഇപ്പോൾ സർക്കാരിന് മുന്നിലുള്ള വിഷയമല്ലെന്നും മന്ത്രി വ്യക്തമാക്കി. 

രാജ്യത്ത് സമ്പൂർണ ലോക്ക് ഡൌൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് ബുധനാഴ്ചയാണ് ബിവറേജസ് ഔട്ടുലെറ്റുകൾ അടച്ചുപൂട്ടിയത്. തുടർന്ന് അത്യാവശ്യക്കാർക്ക് മദ്യം ലഭ്യമാക്കാൻ ഓൺലെെൻ സംവിധാനം സർക്കാർ ഒരുക്കുമെന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു. എന്നാൽ ഓൺലെെൻ മദ്യ വിൽപന പ്രായോഗികമല്ലെന്ന് ബിവറേജസ് കോർപറേഷൻ വ്യക്തമാക്കി.

ഓൺലൈൻ വഴി മദ്യം വിൽക്കാമെന്ന തീരുമാനത്തിലേക്കു സർക്കാർ കടന്നാൽ ചട്ടങ്ങളിൽ ഭേദഗതി വരുത്തി ഓർഡിനൻസ് പുറത്തിറക്കണം. അതിനുള്ള കാലതാമസം ഈ സാഹചര്യത്തിൽ ഇല്ല. 598 ബാറുകള്‍, 265 ബിവറേജസ് കോര്‍പ്പറേഷന്‍ മദ്യശാലകള്‍, കണ്‍സ്യൂമര്‍ ഫെഡിന് കീഴിലെ 39 ഔട്ട്‌ലെറ്റുകള്‍, 358 ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകള്‍, 42 ക്ലബുകള്‍ എന്നിവയാണ് പുതിയ തീരുമാനത്തിലൂടെ അടച്ചിട്ടത്. മദ്യവില്‍പ്പന ശാലകള്‍ അടച്ച പശ്ചാത്തലത്തില്‍ അനധികൃത, വ്യാജ മദ്യ വില്‍പ്പനയും മറ്റ് ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗവും തടയുമെന്നും മന്ത്രി പറഞ്ഞു.

content highlights: no liquor supply via online says excise minister