ലോക്ക്ഡൗണ്‍ കാലത്ത് മൂന്ന് കോടി ബിസ്‌ക്കറ്റ് പാക്കറ്റുകള്‍ സൗജന്യമായി നല്‍കുമെന്ന് പാര്‍ലെ ജി

ന്യൂഡല്‍ഹി: ഇന്ത്യയൊട്ടാകെ 21 ദിവസം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് സൗജന്യമായി മൂന്ന് കോടി ബിസ്‌ക്കറ്റ് പാക്കറ്റുകള്‍ നല്‍കാനൊരുങ്ങി പാര്‍ലെ ജി. നമുക്ക് ഒന്നിച്ച് പോരാടാം എന്ന വാചകത്തില്‍ ട്വിറ്ററിലൂടെയാണ് പാര്‍ലെ ജി ഇക്കാര്യം അറിയിച്ചത്. സര്‍ക്കാര്‍ ഏജന്‍സികള്‍ മുഖേന അര്‍ഹതപ്പെട്ടവര്‍ക്ക് ഇത്രയും ബിസ്‌ക്കറ്റ് പാക്കറ്റുകള്‍ എത്തിച്ച് നല്‍കുമെന്നും കമ്പനി പറഞ്ഞു.

നിരവധി പേരാണ് പാര്‍ലെയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് രംഗത്ത് വന്നത്. കൂടാതെ, ലോക്ക്ഡൗണ്‍ കാലത്ത് ജനങ്ങള്‍ക്ക് ഭക്ഷ്യക്ഷാമം നേരിടേണ്ട അവസ്ഥ വരില്ലെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവതേഡ്കറും ഇന്നലെ വ്യക്തമാക്കിയിരുന്നു. ഒരു കിലോ അരി മൂന്ന് രൂപക്കും, ഗോതമ്പ് രണ്ട് രൂപക്കും 80 കോടി ജനങ്ങള്‍ക്ക് മൂന്ന് മാസത്തേക്ക് നല്‍കുമെന്നാണ് കേന്ദ്രം ഇന്നലെ പ്രഖ്യാപിച്ചത്.

കേരളത്തിലും ആരും പട്ടിണി കിടക്കേണ്ട അവസ്ഥ ഉണ്ടാവരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇതിനായി കമ്മ്യൂണിറ്റി കിച്ചന്‍ രൂപീകരിക്കാനും തീരുമാനമായി. കൂടാതെ, എല്ലാവര്‍ക്കും 15 കിലോ അരി ലഭ്യമാക്കാനും ബിപിഎല്ലിന് 35 കിലോ വീതം അരി നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്.

Content Highlight: Parle G to supply free 3 Crore biscuit packets in Lock Down