കൊറോണ പ്രതിരോധത്തിന് 64 രാജ്യങ്ങള്‍ക്ക് അമേരിക്കയുടെ ധന സഹായം; ഇന്ത്യക്ക് 217 കോടി

വാഷിങ്ടണ്‍: ആഗോള മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച കൊറോണ വൈറസിനെ നേരിടാന്‍ സാമ്പത്തിക പാക്കേജുമായി അമേരിക്ക. 174 മില്ല്യണ്‍ ഡോളര്‍ 64 രാജ്യങ്ങള്‍ക്കായി നല്‍കാനാണ് അമേരിക്കയുടെ തീരുമാനം. 2.9 മില്ല്യണ്‍ ഡോളര്‍, അതായത്, 217 കോടിയലിധമാണ് ഇന്ത്യക്ക് വകയിരുത്തിയിരിക്കുന്നത്.

ഫെബ്രുവരിയില്‍ യുഎസ് പ്രഖ്യാപിച്ച 100 മില്ല്യണ്‍ സഹായ ധനത്തിന് പുറമേയാണ് ഇപ്പോഴത്തെ സഹായം. സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) ഉള്‍പ്പെടെ വിവിധ വകുപ്പുകളിലും ഏജന്‍സികളിലുമുള്ള അമേരിക്കന്‍ ആഗോള പ്രതികരണ പാക്കേജിന്റെ ഭാഗമാണ് പുതുതായി പ്രഖ്യാപിച്ച സഹായം.

പതിറ്റാണ്ടുകളായി, പൊതുജനാരോഗ്യത്തില്‍ ലോകത്തിലെ ഏറ്റവും വലിയ ഉഭയകക്ഷി സഹായം നല്‍കുന്ന രാജ്യമാണ് അമേരിക്ക. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഇന്ത്യക്ക് യുഎസ് 2.8 ബില്യണ്‍ ഡോളര്‍ സഹായം നല്‍കിയിട്ടുണ്ടെന്നും ഇതില്‍ 1.4 ബില്യണ്‍ ഡോളര്‍ ആരോഗ്യ സഹായമാണെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വ്യക്തമാക്കി.

Content Highlight: America offers 2.9 million dollars to 64 Countries