ലോക്ഡൗണിൽ കൂട്ടംകൂടിയവരെ ഏത്തമിടീച്ച് യതീഷ് ചന്ദ്ര; സംഭവത്തിൽ ഡിജിപി വിശദീകരണം തേടി

DGP loknath behra seeks clarification from yathish chandra on his different lockdown panishment 

ലോക്ഡൗൺ നിർദ്ദേശം ലംഘിച്ചെന്ന് കാട്ടി ആളുകളെകൊണ്ട് കണ്ണൂര്‍ ജില്ല പൊലീസ് മേധാവി യതീഷ് ചന്ദ്ര ഏത്തമിടീപ്പിക്കുന്ന ചിത്രം സമൂഹ്യ മാധ്യമങ്ങളിൽ വെെറലായതോടെ ഡിജിപി വിശദീകരണം തേടി. ലോക്ക് ഡൗണ്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമപരമായ നടപടികള്‍ മാത്രമെ പാടുള്ളൂവെന്നിരിക്കെയാണ് എസ്പിയില്‍ നിന്ന് ഗുരുതര വീഴ്ച ഉണ്ടായിരിക്കുന്നത്. 

വളപട്ടണം സ്റ്റേഷന്‍ പരിധിയിലെ അഴീക്കലില്‍ ഒരു കടയ്ക്ക് മുന്നില്‍ ഉണ്ടായിരുന്നവരെയാണ് യതീഷ് ചന്ദ്ര വ്യത്യസ്തമായ ശിക്ഷക്ക് വിധേയരാക്കിയത്. അഴീക്കലിൽ തുറന്നിരുന്ന കടയ്ക്കു മുൻപിൽ കൂട്ടംകൂടി നിന്നു വർത്തമാനം പറയുന്നതു ശ്രദ്ധയിൽപെട്ടതോടെയാണ് ഇതുവഴി കടന്നുപോയ എസ്പി വാഹനം നിർത്തി ഇറങ്ങിയത്. കൂട്ടംകൂടി നിന്ന മൂന്നുപേരെ ഒരുമിച്ച് ഏത്തമിടുവിച്ചു. പിന്നീട് ഇവിടെത്തന്നെ ഉണ്ടായിരുന്ന മറ്റൊരാളെയും എത്തമിടുവിച്ചു. പ്രധാനമന്ത്രി പറഞ്ഞിട്ടും മുഖ്യമന്ത്രി പറഞ്ഞിട്ടും അനുസരിക്കാൻ കഴിയില്ലെങ്കിൽ ശിക്ഷ അനുഭവിച്ചേ പറ്റൂവെന്നും പൊലീസിനു വേറെ പണിയുണ്ടെന്നും പറഞ്ഞായിരുന്നു എസ്പിയുടെ നടപടി. 

സംഭവത്തിൽ ഡിജിപി ലോക്നാഥ് ബഹ്റ വിശദീകരണം തേടിയിട്ടുണ്ട്. നാട്ടുകാര്‍ ഇത് കണ്ടെങ്കിലും പുറത്തിറങ്ങാതിരിക്കട്ടെയെന്ന് കരുതി ചെയ്തതാണെന്നായിരുന്നു യതീഷ് ചന്ദ്രയുടെ പ്രതികരണം. റോഡിലിറങ്ങുന്നവരോട് പൊലീസ് വളരെ മോശമായി പെരുമാറുന്നുവെന്ന് പരക്കെ വിമർശനം ഉയരുന്ന സാഹചര്യത്തിലാണ് ഒരു എസ്പിയുടെ ഭാഗത്തുനിന്ന് ഇങ്ങനെയൊരു പ്രവൃത്തി ഉണ്ടാവുന്നത്. 

content highlights: DGP loknath behra seeks clarification from yathish chandra on his different lockdown panishment