കോവിഡ്: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വെട്ടിച്ചുരുക്കി തെലങ്കാന സര്‍ക്കാര്‍, 75 ശതമാനം വരെ കുറവ്

ഹൈദരാബാദ്: ഗവണ്‍മെന്റ് ജീവനക്കാരുടെ മാസ ശമ്പളം വെട്ടിച്ചുരുക്കി തെലങ്കാന സര്‍ക്കാര്‍. കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനം നേരിടാന്‍ പോകുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് സര്‍ക്കാര്‍ തീരുമാനം. സാമ്പത്തികാവസ്ഥ വിലിയിരുത്താന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

സര്‍ക്കാര്‍ ജീവനക്കാരുടെ ഗ്രേഡ് അനുസരിച്ചാണ് ശമ്പളം വെട്ടിച്ചുരുക്കുന്നത്. മുഖ്യമന്ത്രി, ക്യാബിനറ്റ് മന്ത്രിമാര്‍, എംഎല്‍എമാര്‍, എംഎല്‍എസിമാര്‍, കോര്‍പറേഷന്‍ ചെയര്‍പേഴ്സണ്‍മാര്‍, പഞ്ചായത്ത് അംഗങ്ങള്‍ എന്നിവരുടെ ശമ്പളം 75ശതമാനം വെട്ടിച്ചുരുക്കും.

ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് ഉദ്യോഗസ്ഥരുടെ ശമ്പളം 60ശതമാനം വെട്ടിച്ചുരുക്കും. മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളം 50 ശതമാനം വെട്ടിച്ചുരുക്കും. ക്ലാസ് 4, ഔട്ട്സോഴ്സ്, കോണ്‍ട്രാക്ട് ജീവനക്കാരുടെ പത്ത് ശതമാനം ശമ്പളം പിടിക്കും. മുന്‍ സര്‍ക്കാര്‍ ജീവനക്കാരുടെ അമ്പത് ശതമാനം പെന്‍ഷനും വെട്ടിച്ചുരുക്കും. വിരമിച്ച ക്ലാസ് ഫോര്‍ ജീവനക്കാരുടെ 10 ശതമാനം പെന്‍ഷന്‍ വെട്ടിച്ചുരുക്കും.

സര്‍ക്കാര്‍ ഗ്രാന്റ് ലഭിക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളവും വെട്ടിച്ചുരുക്കാന്‍ തീരുമാനമായിട്ടുണ്ട്. എത്രമാസത്തേക്കാണ് ശമ്പളം വെട്ടിച്ചുരുക്കുക എന്നതിനെപ്പറ്റി സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.

Content Highlight: Telangana Government to curtail the salary of government employees amid Corona virus