ലോക്ക്ഡൗണ്‍ ലംഘിച്ചുള്ള കെ. സുരേന്ദ്രൻ്റെ യാത്ര വിവാദമാകുന്നു

K Surendran violated lockdown in kerala

കൊവിഡ് 19ൻ്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പാക്കിയ ലോക്ക്ഡൗണ്‍ ലംഘിച്ച് സംസ്ഥാന ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ. ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുമ്പോൾ കോഴിക്കോട്ടെ വസതിയിലായിരുന്ന സുരേന്ദ്രന്‍ വ്യാഴാഴ്ച തിരുവനന്തപുരത്തെത്തി വാര്‍ത്താ സമ്മേളനം നടത്തിയതാണ് വിവാദത്തിലായിരിക്കുന്നത്. ഡിജിപിയുടെ അനുമതിയോടെയാണ് യാത്ര ചെയ്തതെന്നാണ് സുരേന്ദ്രൻ പറയുന്നത്. എന്നാൽ സേവാ ഭാരതിയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്താനെന്ന പേരില്‍ യാത്രാ പെര്‍മിറ്റ് സംഘടിപ്പിച്ച വാഹനത്തിലാണ് സുരേന്ദ്രൻ യാത്ര നടത്തിയതെന്നാണ് സ്പെഷ്യൽ ബ്രാഞ്ചിന് ലഭിച്ച പ്രാഥമിക വിവരം.

തീവ്രബാധിത പ്രദേശമായ കോഴിക്കോട് ജില്ലയില്‍ നിന്നും ഒരു കാരണവശാലും മറ്റൊരു ജില്ലയിലേക്ക് പൊലീസ് യാത്ര അനുമതി നല്‍കുന്നില്ല. അവശ്യ സര്‍വ്വീസുകള്‍ക്ക് മാത്രമാണ് പാസ് അനുവദിക്കുന്നത്. കോഴിക്കോട്ടെ വീട്ടിലായിരുന്ന സുരേന്ദ്രൻ ഇന്നലെ തലസ്ഥാനത്തെത്തി വാർത്താ സമ്മേളനം നടത്തിയതോടെയാണ് ലോക്ക്ഡൗണ്‍ ലംഘനം പൊലീസിൻ്റെ ശ്രദ്ധയിൽപ്പെട്ടത്. പ്രധാനമന്ത്രിയുടെ ലോക്ക്ഡൗൺ നിർദേശം ബിജെപി അധ്യക്ഷൻ തന്നെ മറികടന്നതിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. 

content highlights: K Surendran violated lockdown in kerala