മരണസംഖ്യയില്‍ ചൈനയെ മറികടന്ന് ബ്രിട്ടന്‍; യുഎസിലും ഫ്രാന്‍സിലും ഒറ്റ ദിവസം 1000 ലേറെ മരണം

ഓരോ മണിക്കൂറിനിലും മരണം വിതയ്ക്കുന്ന മഹാമാരിക്ക് മുന്നില്‍ വികസിത രാജ്യങ്ങള്‍ പോലും വിറച്ചുനില്‍ക്കുകയാണ്. ആഗോളതലത്തില്‍ മരണസംഖ്യ 59141 ആയി ഉയര്‍ന്നു. 200-ലേറെ രാജ്യങ്ങളിലാണ് വൈറസ് പടര്‍ന്നുപിടിച്ചിരിക്കുന്നത്. ആകെ 10.98 ലക്ഷം രോഗബാധിതരെന്നാണ് നിലവിലെ റിപ്പോര്‍ട്ട്. 228405 പേര്‍ക്ക് പൂര്‍ണമായും രോഗം ഭേദമായി എന്നതാണ് മരണവാര്‍ത്തകള്‍ക്കിടയില്‍ നേരിയ ആശ്വാസം പകരുന്ന കാര്യം. കൂടുതല്‍ രാജ്യങ്ങള്‍ പരിശോധനകള്‍ വ്യാപകമാക്കിയതും വൈറസിനെതിരായ പോരാട്ടത്തില്‍ നിര്‍ണായകമാകും.

അതേസമയം, കൊറോണ വൈറസ് ബാധ ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ചൈനയെ മരണസംഖ്യയില്‍ മറികടന്നിരിക്കുകയാണ് ബ്രിട്ടന്‍. 24 മണിക്കൂറിനിടെ 684 മരണമാണ് ബ്രിട്ടനില്‍ സംഭവിച്ചത്. ഇതോടെ ആകെ മരണം 3605 ആയി. 5233 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗാബാധിതരുടെ എണ്ണം 38168 ആയി. കഴിഞ്ഞ ഏതാനും ദിവസമായി ബ്രിട്ടനില്‍ പരിശോധനകള്‍ വ്യാപകമാക്കിയിട്ടുണ്ട്.

തുടക്കത്തില്‍ വൈറസിനെ ഗൗരവത്തിലെടുക്കുന്നതില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ പരാജയപ്പെട്ടതാണ് രോഗവ്യാപനം ഇത്ര രൂക്ഷമാകാന്‍ കാരണമെന്ന് വിമര്‍ശനമുണ്ട്. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും രോഗം സ്ഥിരീകരിച്ചിരിക്കുകയാണ്. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരുമടക്കം നിരീക്ഷണത്തിലുമാണ്. ഇറ്റലിയാണ് മരണസംഖ്യയില്‍ ആദ്യം ചൈനയെ മറികടന്നത്. പിന്നാലെ സ്‌പെയിനും അമേരിക്കയും ഫ്രാന്‍സും ചൈനയ്ക്ക് മുന്നിലെത്തി.

Content Highlight: Britain overcomes China in Corona death tolls

LEAVE A REPLY

Please enter your comment!
Please enter your name here