കൊവിഡ് പ്രതിരോധത്തിന് ഉപയോഗിക്കുന്ന ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഇസ്രായേലിലേക്കും കയറ്റി അയച്ച് ഇന്ത്യ. ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഉള്‍പ്പെടെ 5 ടണ്‍ മെഡിസിനുകളുടെ ചരക്കാണ് ഇസ്രായേലിലേക്ക് ഇന്ത്യ കയറ്റി അയച്ചത്.
ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഉള്‍പ്പെടെ മെഡിക്കല്‍ സാമഗ്രികളുടെ കയറ്റുമതി ഇന്ത്യ നിര്‍ത്തലാക്കിയതിന് പിന്നാലെ നെതന്യാഹു മോദിയോട് മരുന്ന് കയറ്റുമതിക്ക് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനു മുമ്പ് മാര്‍ച്ച് 13 ന് മാസ്‌കുകളും സുരക്ഷാ സാമഗ്രികളും നല്‍കണമെന്ന് നെതന്യാഹു ആവശ്യപ്പെട്ടിരുന്നു. മരുന്നുകളുടെ കയറ്റുമതിക്ക് ഇന്ത്യ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ക്ക് കേന്ദ്രം ഇളവ് നൽകിയതിനെ തുടർന്നാണ് മരുന്നുകൾ ഇസ്രായേലിലേക്ക് കയറ്റി അയക്കാൻ തീരുമാനമായത്. ഇതിന് മുമ്പ് അമേരിക്കയിലേക്കും ബ്രസിലിലേക്കും മരുന്നുകൾ ഇന്ത്യ കയറ്റുമതി ചെയ്തിരുന്നു.
മരുന്ന് കയറ്റി അയച്ചതിനു പിന്നാലെ പ്രധാനമന്ത്രി മോദിക്ക് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നന്ദി അറിയിക്കുകയും ചെയ്തു. എല്ലാ ഇസ്രയേല്‍ പൗരന്‍മാരും ഇന്ത്യയോട് നന്ദി അറിയിക്കുന്നു എന്നാണ് നെതന്യാഹു ട്വീറ്റ് ചെയ്തത്. നേരത്തെ സമയബന്ധിതമായ സഹായത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യന്‍ ജനതയ്ക്കും ബ്രസീലും അമേരിക്കയും നന്ദി അറിയിച്ചിരുന്നു. ബ്രസീലിലെ ജനങ്ങള്‍ക്ക് ഈ സഹായം നല്‍കിയതിന് പ്രധാനമന്ത്രി മോദിക്കും ഇന്ത്യന്‍ ജനതയ്ക്കും നന്ദി പറയുന്നതായി ബൊല്‍സാനരോ പറഞ്ഞു. ഈ യുദ്ധത്തില്‍ ഇന്ത്യയെ മാത്രമല്ല, മനുഷ്യരെ ആകെ സഹായിച്ച നരേന്ദ്ര മോദിയുടെ കരുത്തുള്ള നേതൃത്വത്തിന് നന്ദി പറയുന്നുവെന്ന് ട്രംപും ട്വിറ്ററിൽ കുറിച്ചു.
content highlights: Netanyahu thanks PM Modi for delivering hydroxychloroquine to Israel