ന്യൂഡല്‍ഹി: മൊബൈല്‍ ഫോണ്‍, ടെലിവിഷന്‍, ഫ്രിഡ്ജ്, ലാപ്ടോപ് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഏപ്രില്‍ 20 മുതല്‍ ഇ-കൊമേഴ്സ് വെബ്സൈറ്റുകളിലൂടെ ലഭ്യമാകും. ലോക്ഡൗണിനെ തുടര്‍ന്ന് ഇ-കൊമേഴ്സ് മേഖലയും താല്കാലികമായി നിര്‍ത്തിവെച്ചിരുന്നു. മേയ് മൂന്നുവരെ ലോക്ഡൗണ്‍ നീട്ടികൊണ്ടുള്ള ഉത്തരവിന്റെ പുതുക്കിയ മാനദണ്ഡങ്ങളിലാണ് ആഭ്യന്തര സെക്രട്ടറി അജയ് ബല്ല ഇക്കാര്യം അറിയിച്ചത്.
മൊബൈല്‍ ഫോണ്‍, ടെലിവിഷന്‍ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ആമസോണ്‍, ഫ്ലിപ്കാര്‍ട്ട്, സ്നാപ്ഡീല്‍ തുടങ്ങിയ ഇ-കൊമേഴ്സ് പ്ലാറ്റ് ഫോമുകളിലൂടെ ഏപ്രില്‍ 20 മുതല്‍ ലഭ്യമാക്കാനാണ് തീരുമാനം. ലോക്ഡൗണ്‍ മേയ് മൂന്നുവരെ നീട്ടിയ സാഹചര്യത്തില്‍ ഇ-കൊമേഴ്സ് കമ്പനികളുടെ വാഹനങ്ങള്‍ക്ക് ഏപ്രില്‍ 20 മുതല്‍ റോഡ് ഗതാഗത യാത്രാനുമതി നല്‍കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
നേരത്തേ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാനദണ്ഡങ്ങളില്‍ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ക്ക് ഭക്ഷണം, ഫാര്‍മസ്യൂട്ടിക്കല്‍സ്, മെഡിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങിയ വില്ക്കാന് മാത്രമേ അനുമതി ഉണ്ടായിരുന്നുള്ളൂ. ബുധനാഴ്ച പുറത്തിറക്കിയ പുതുക്കിയ മാനദണ്ഡത്തില്‍ അവശ്യ സാധനങ്ങളും അല്ലാത്തവയും ഇതുവഴി വില്‍പ്പന നടത്താമെന്ന് അറിയിക്കുകയായിരുന്നു.
മാര്‍ച്ച് 25 ന് രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതുമുതല്‍ രാജ്യത്തെ വ്യാവസായിക -വ്യാപാര പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടിരുന്നു. നിരവധി ആളുകള്‍ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളില്‍ ലോജിസ്റ്റിക്സ്, ഡെലിവറി ജോലികളില്‍ ഏര്‍പ്പെട്ടിരുന്നു. ഈ മേഖല തുറക്കുകയാണെങ്കില്‍ വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് ഈ തീരുമാനം ഗുണകരമാകുമെന്നും കേന്ദ്രസര്‍ക്കാര്‍ കണക്കുകൂട്ടുന്നു.
Content Highlight: Center approve to sell electronic goods to online platforms after April 20