കേരളം ലോക്ക് ഡൗണ്‍ മാർഗനിർദേശം ലംഘിച്ചുവെന്ന് കേന്ദ്രം; വിശദീകരണം തേടി

കേരളം ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇത് സംബന്ധിച്ച് കേരളം വിശദീകരണം നല്‍കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. പല മേഖലകളിലും സംസ്ഥാനം ഇളവ് നല്‍കിയത് നിര്‍ദേശങ്ങളുടെ ലംഘനമാണെന്ന്  ചൂണ്ടിക്കാട്ടിയ കേന്ദ്രസര്‍ക്കാര്‍ വർക്‌ഷോപ്, ബാർബർ ഷോപ്, റസ്റ്റോറൻ്റ്, ബുക്സ്റ്റോർ എന്നിവ തുറന്നതും, കാർ, ബൈക്ക് യാത്രകളിലും കൂടുതൽ പേരെ അനുവദിച്ചതും നഗരങ്ങളിൽ ചെറുകിട വ്യവസായങ്ങൾ അനുവദിച്ചതും ചട്ടവിരുദ്ധമാണെന്ന് വ്യക്തമാക്കി.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദീകരണം ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിയ്ക്ക് കത്ത് നല്‍കിയിട്ടുണ്ട്. ലോക്ഡൗൺ സംബന്ധിച്ച് കേന്ദ്ര സർക്കാർ പുറത്തിറക്കിയ മാർഗനിർദേശങ്ങളിൽ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും വെള്ളം ചേർക്കാനാവില്ലെന്ന് കത്തിൽ പറയുന്നു. കേന്ദ്ര മാർഗനിർദേശം മാത്രമേ പ്രവർത്തിക്കാൻ പാടുള്ളു എന്ന് കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. സ്വന്തം നിലയിൽ ഇളവുകൾ പ്രഖ്യാപിച്ച സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ബല്ല കത്തയച്ചിട്ടുണ്ട്. ഞായറാഴ്ചയാണ് ആഭ്യന്തര സെക്രട്ടറി കത്തയച്ചത്.

content highlights: Kerala violated covid guidelines says union home ministry