ലോക്ക് ഡൗണ്‍ മാർഗനിർദേശം ലംഘിച്ചതിനെതിരെ കേന്ദ്രസര്‍ക്കാര്‍ വിശദീകരണം തേടിയതിന് പിന്നാലെ ഇളവുകള്‍ തിരുത്തി കേരളം. ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാനും ഹോട്ടലില്‍ ഇരുന്നു ഭക്ഷണം കഴിക്കാനുമുള്ള അനുമതിയാണ് പിന്‍വലിച്ചത്. മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗത്തിലാണ് തീരുമാനം.
ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കില്ല പകരം ബാര്‍ബര്‍മാര്‍ക്ക് വീടുകളിലെത്തി മുടിവെട്ടാം. ഹോട്ടലുകളില്‍ ഇരുന്നു കഴിക്കാനുള്ള ഉത്തരവ് പിന്‍വലിച്ചപ്പോള്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണത്തിൻ്റെ സമയം രാത്രി ഒന്‍പത് മണി വരെയായി പുനഃക്രമീകരിച്ചു. വര്‍ക്ക് ഷോപ്പുകള്‍ നിയന്ത്രിച്ച് തുറക്കുന്നതിനായി കേന്ദ്രത്തില്‍ നിന്ന് അനുമതി തേടും. ഇരുചക്രവാഹനത്തില്‍ രണ്ട് പേരെ അനുവദിക്കില്ല.
കേരളം നല്‍കിയ ലോക്ക്ഡൗണ്‍ ഇളവുകള്‍ കേന്ദ്രനിര്‍ദേശത്തില്‍ വെള്ളം ചേര്‍ക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേരളത്തിന് കത്തെഴുതിയിരുന്നു. ലോക്ക് ഡൗണ്‍ ഇളവുമായി ബന്ധപ്പെട്ട് മറുപടി നല്‍കാനും പുതുക്കിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കാനും കേന്ദ്രം സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. ഇതിനെ തുടർന്നാണ് സർക്കാർ പുതിയ ഉത്തരവ് ഇറക്കിയത്.
content highlights: Kerala withdraws lockdown concessions, barbershop will not open