കിം ജോങ് ഉന്നിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്; ശസ്ത്രക്രിയയ്ക്കുശേഷമെന്ന് യുഎസ് രഹസ്യാന്വേഷണ വിഭാഗം

സിയോള്‍: ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്. ശസ്ത്രക്രിയയെ തുടര്‍ന്നാണ് സ്ഥിതി വഷളായതെന്ന് ഉത്തരകൊറിയന്‍ അധികൃതരെ ഉദ്ധരിച്ച് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇക്കഴിഞ്ഞ ഏപ്രില്‍ 15 ന് മുത്തച്ഛന്റെ പിറന്നാള്‍ ചടങ്ങില്‍ കിം പങ്കെടുത്തിരുന്നില്ല. ഇതോടെ അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. അതിന് നാല് ദിവസം മുന്‍പ് അദ്ദേഹം ഒരു സര്‍ക്കാര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.

ഉത്തര കൊറിയയെ കേന്ദ്രീകരിച്ചുള്ള ദക്ഷിണ കൊറിയ ആസ്ഥാനമായുള്ള ഡെയ്ലി എന്‍കെ എന്ന ഓണ്‍ലൈന്‍ പത്രം ഏപ്രില്‍ 12 ന് കിമ്മിന് ഹൃദയസംബന്ധമായ അസുഖത്തിനായി ചികിത്സയിലാണെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.’അമിതമായ പുകവലി, അമിതവണ്ണം, അമിത ജോലി’ എന്നിവ കാരണം കിം ഹൃദയസംബന്ധമായ രോഗത്തിന് ഹ്യാങ്സാന്‍ കൗണ്ടിയിലെ ഒരു വില്ലയില്‍ ചികിത്സയിലാണെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു.

കിമ്മിനെപ്പറ്റിയുള്ള എല്ലാ വിവരങ്ങളും ഉത്തര കൊറിയ രഹസ്യമാക്കി വെച്ചിരിക്കുകയാണ്. സംസ്ഥാനത്ത് സ്വതന്ത്ര മാധ്യമങ്ങള്‍ ഇല്ലാത്തതും യാഥാര്‍ത്ഥ്യം മനസ്സിലാക്കുന്നതിന് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. മസ്തിഷ്‌ക മരണം സംഭവിച്ചതായി ചില അമേരിക്കന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതേസമയം, വാര്‍ത്തയുടെ നിജസ്ഥിതി പരിശോധിക്കുമെന്ന് ദക്ഷിണ കൊറിയ പ്രതികരിച്ചു.

Content Highlight: US Monitoring Intelligence reports Kim Jong Un’s health condition is dangerous