മധ്യപ്രദേശിൽ ആറുവയസുകാരിയെ തട്ടികൊണ്ട് പോയി പീഡിപ്പിച്ചു; കണ്ണുകൾ ചുഴ്ന്നെടുത്തതായി റിപ്പോർട്ട്

6-year-old kidnapped, raped in Madhya Pradesh, eyes gouged out

മധ്യപ്രദേശ്‌ ബന്‍സിപുരയില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു. കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ വീട്ടില്‍ നിന്നും കിലോമീറ്ററുകള്‍ അകലെയുള്ള ഒഴിഞ്ഞ സ്ഥലത്ത് അബോധാവസ്ഥയില്‍ കണ്ടെത്തി. ബുധനാഴ്ച വെെകിട്ടാണ് കുട്ടിയെ മാതാപിതാക്കൾ അവസാനമായി കണ്ടത്. വൈകിട്ട് അഞ്ചുമണിയോടെ അയല്‍വീട്ടിലേക്ക് പോയതാണ് കുട്ടിയെന്നാണ് വീട്ടുകാര്‍ നല്‍കുന്ന വിവരം.

കുട്ടിയുടെ കയ്യുകളും കാലുകളും കയറുപയോഗിച്ച് കെട്ടിയ നിലയിലായിരുന്നു. കുട്ടി പീഡനത്തിന് ഇരായായിട്ടുണ്ടെന്നാണ് പ്രാഥമിക വിവരമെന്ന് പൊലീസ് അറിയിച്ചു. കുട്ടിയുടെ ഇരു കണ്ണുകളും ചൂഴ്‌ന്നെടുത്ത നിലയിലായിരുന്നു. കുട്ടിയുടെ കണ്ണുകള്‍ നീരുവെച്ചിരിക്കുന്നതിനാല്‍ റെറ്റിനയില്‍ പരിശോധന നടത്താന്‍ കഴിയുന്നില്ലെന്ന് ഡോക്ടര്‍ പൊലീസ് ഉദ്യോഗസ്ഥരെ അറിയിച്ചു.

അതീവ ഗുരുതരാവസ്ഥയിലായിരുന്ന കുട്ടിയെ ജബല്‍പൂരിലെ ആശുപത്രിയിലേക്ക് മാറ്റുകയാണെന്ന് എസ്.പി ഹേമന്ത് ചൗഹാന്‍ പറഞ്ഞു. സംഭവം അന്വേഷിക്കാന്‍ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും പ്രതികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10,000 രൂപ പ്രതിഫലം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം മധ്യപ്രദേശില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ സംഭവമാണിത്. ഷാപുരയില്‍ കഴിഞ്ഞ ദിവസം അന്ധയായ യുവതിയെ വീട്ടിനുള്ളില്‍ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്തിരുന്നു.

content highlights: 6-year-old kidnapped, raped in Madhya Pradesh, eyes gouged out