മഹാരാഷ്ട്രയിലെ വിവിധ അഭയകേന്ദ്രങ്ങളില്‍ കഴിയുന്ന അതിഥി തൊഴിലാളികളെ സ്വന്തം നാടുകളിലേക്ക് എത്തിക്കാന്‍ പ്രത്യേക ട്രെയിന്‍ സൗകര്യം ഒരുക്കണമെന്ന ആവശ്യവുമായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ. ഇതുമായി ബന്ധപ്പെട്ട് റെയില്‍വേ മന്ത്രി പീയുഷ് ഗോയലിന് കത്തയച്ചു. ലോക്ക് ഡൗണ്‍ അവസാനിക്കുന്ന മേയ് മൂന്നിന് അഭയ കേന്ദ്രങ്ങളില്‍ താമസിക്കുന്ന അതിഥി തൊഴിലാളികൾ തെരുവിൽ ഇറങ്ങാൻ സാധ്യതയുണ്ടെന്നും ഇത് ക്രമസമാധാന പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാമെന്നും പവാര്‍ കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
ആദ്യഘട്ട ലോക്ക് ഡൗണിൻ്റെ അവസാന ദിവസമായ ഏപ്രില്‍ 14ന് ആയിരക്കണക്കിന് തൊഴിലാളികളാണ് ബാന്ദ്ര റെയില്‍വേ സ്റ്റേഷനുമുന്നില്‍ തടിച്ചുകൂടിയിരുന്നത്. സ്വന്തം നാടുകളിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടാണ് ഇവർ ലോക്ക് ഡൗണ്‍ ലംഘിച്ച് തെരുവിലിറങ്ങിയത്. അതുപോലെ ഒരു സാഹചര്യം ഇനി ഉണ്ടാവാതിരിക്കാൻ ഈ തൊഴിലാളികള്‍ക്ക് പോകുന്നതിനു വേണ്ടി സ്പെഷല്‍ ട്രെയിന്‍ സജ്ജമാക്കാന്‍ റെയില്‍വേ മന്ത്രാലയം മികച്ച മുന്നൊരുക്കങ്ങൾ നടത്തണമെന്നും പുണെയില്‍ നിന്നും മുംബൈയില്‍ നിന്നും ട്രെയിനുകള്‍ സര്‍വീസുകള്‍ നടത്തണമെന്നും പവാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
content highlights: Maharashtra deputy CM seeks trains for migrant workers, cites law and order