‘മുഖം മൂടിയിരിക്കണം’; മാസ്‌ക് ഉപയോഗം നിര്‍ബന്ധിതമാക്കി ജര്‍മനി അടക്കം നിരവധി രാജ്യങ്ങള്‍

ബര്‍ലിന്‍ : കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ജര്‍മനിയിലെ എല്ലാ സ്റ്റേറ്റുകളിലും പുറത്തിറങ്ങുന്നവര്‍ക്ക് മാസ്‌ക് ഉപയോഗം നിര്‍ബന്ധിതമാക്കി. ബേഡന്‍ വുര്‍ട്ടംബര്‍ഗും ഹെസ്സെയും അടക്കമുള്ള സ്റ്റേറ്റുകള്‍ നേരത്തെ തന്നെ സമാന തീരുമാനം പ്രഖ്യാപിച്ചിരുന്നു. ബ്രെമനാണ് ഒടുവിലായി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

പൊതു ഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കെല്ലാം ഇതോടെ മാസ്‌ക് നിര്‍ബന്ധിതമായി. ഷോപ്പിങ്ങിനും മൂക്കും വായയും മൂടിയിരിക്കണം. ദേശവ്യാപകമായി ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ച സമയത്ത് ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ തന്നെ ഇക്കാര്യം നിര്‍ദേശിച്ചിരുന്നു.

ഓസ്ട്രിയയും നേരത്തെ സമാന നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, മാസ്‌ക് ഉപയോഗം നിര്‍ബന്ധമാക്കില്ലെന്നാണ് സ്വിറ്റ്‌സര്‍ലന്‍ഡ് സര്‍ക്കാരിന്റെ തീരുമാനം. നോര്‍വീജിയന്‍ തലസ്ഥാനമായ ഓസ്‌ളോയിലാകട്ടെ, പബ്ബുകള്‍ അടക്കം തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതിയായി.

Content Highlight: Wearing mask made as compulsory rule in many countries