രാജ്യത്തെ ദരിദ്രരെ സഹായിക്കാൻ 65,000 കോടി രൂപ വേണ്ടിവരും; രഘുറാം രാജൻ

Raghuram Rajan to Rahul Gandhi: India needs Rs 65,000 crore to help poor

കൊവിഡ് മൂലം രാജ്യത്ത് ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയുടെ ഇരകളായ ദരിദ്രരെ സഹായിക്കാൻ 65,000 കോടിയോളം രൂപ ആവശ്യമായി വരുമെന്ന് റിസർവ് ബാങ്ക് മുൻ ഗവർണറും പ്രമുഖ സാമ്പത്തിക വിദഗ്ധനുമായ രഘുറാം രാജൻ. കൊവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സംഘടിപ്പിച്ച സാമ്പത്തിക- ആരോഗ്യ രംഗത്തെ വിദഗ്ധരുമായുള്ള ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ദരിദ്രരെ സഹായിക്കാൻ എത്ര പണം വേണ്ടിവരുമെന്ന രാഹുൽ ഗാന്ധിയുടെ ചോദ്യത്തിനുള്ള മറുപടിയായിട്ടായിരുന്നു ദരിദ്രരുടെ ജീവൻ രക്ഷിക്കാൻ നമുക്ക് 65,000 കോടി രൂപയുടെ ആവശ്യമുണ്ടെന്ന് റിസർവ് ബാങ്ക് മുൻ ഗവർണർ ചൂണ്ടിക്കാട്ടിയത്. ലോക്ക് ഡൗൺ നീട്ടുന്നത് ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ തകർക്കുമെന്നും രഘുറാം രാജൻ മുന്നറിയിപ്പ് നൽകി. ലോക്ക് ഡൗൺ കാലാവധി നീട്ടുന്നതിൽ കൂടുതൽ ജാഗ്രത കാണിക്കണം. ജനങ്ങളെ കൂടുതൽ കാലം സംരക്ഷിക്കാനുള്ള ശേഷി ഇന്ത്യയിൽ ഇല്ല. അതുകൊണ്ട് നിയന്ത്രിതമായി ലോക്ക് ഡൗൺ മാറ്റണം. പുതിയ കേസുകൾ വന്നുകൊണ്ടിരിക്കുന്ന പ്രദേശങ്ങൾ അടച്ചിടണം, മറ്റിടങ്ങൾ തുറന്നു പ്രവർത്തിക്കണം. രഘുറാം രാജൻ പറഞ്ഞു. കൊവിഡിനുശേഷമുള്ള സാഹചര്യത്തിൽ വ്യവസായത്തിന് അവസരങ്ങൾ കണ്ടെത്താൻ ഇന്ത്യക്ക് കഴിയുമെന്നും ഈ ഘട്ടത്തിൽ സാമൂഹിക ഐക്യം ഒരു പ്രധാന ഘടകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

content highlights: Raghuram Rajan to Rahul Gandhi: India needs Rs 65,000 crore to help poor