കിം ജോങ് ഉന്നിൻ്റെ തിരിച്ചുവരവിൽ സന്തോഷിക്കുന്നുവെന്ന് ഡോണാൾഡ് ട്രംപ്

Trump says he's 'glad to see' Kim Jong Un 'is back, and well'

ഉത്തര കൊറിയ ഏകാധിപതി കിം ജോങ് ഉൻ തിരിച്ചെത്തിയതിൻ്റെ സന്തോഷം പ്രകടിപ്പിച്ച് യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. ‘കിം ആരോഗ്യത്തോടെ തിരിച്ചുവന്നതു കാണുമ്പോൾ സന്തോഷമുണ്ട്’ എന്നായിരുന്നു ട്രംപി ൻ്റെ ട്വീറ്റ്. കിമ്മിൻ്റെ ഒപ്പമുള്ള ചിത്രങ്ങളും ട്രംപ് പങ്കുവച്ചു. ഏപ്രില്‍ 11-ന് ശേഷം പൊതുവേദിയില്‍ എത്താതിരുന്ന കിമ്മിന്‍റെ ആരോഗ്യം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. കിം ഗുരുതരാവസ്ഥയിലാണെന്നും മരിച്ചുപോയെന്നും റിപ്പോര്‍ട്ടുകള്‍ വന്നു.

20 ദിവസത്തിന് ശേഷം മെയ് ഒന്നിനാണ് കിം പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത്. പ്യോങ്‍യാങ്ങില്‍ വളം ഫാക്ടറി ഉദ്ഘാടനം ചെയ്യാനെത്തിയ കിമ്മിന്‍റെ ചിത്രങ്ങള്‍ ഉത്തര കൊറിയയിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടു. ഉത്തര കൊറിയന്‍ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട കിമ്മിന്‍റെ ചിത്രങ്ങള്‍ വ്യാജമല്ലെന്നും യഥാര്‍ഥമാണെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട കിമ്മിന്‍റെ ചിത്രങ്ങള്‍ വിശ്വസനീയമാണെന്നാണ് യുഎസ് ഇന്‍റലിജന്‍സ് നല്‍കുന്ന വിവരമെന്നാണ് വൈറ്റ് ഹൗസ് പറയുന്നത്.

കഴിഞ്ഞ മൂന്നാഴ്ച കിം എവിടെയായിരുന്നുവെന്നതിന് ഔദ്യോഗിക വിശദീകരണങ്ങളില്ല. കിം ജോങ് ഉൻ ഏപ്രില്‍ 13 മുതല്‍ ഉത്തര കൊറിയയുടെ കിഴക്കന്‍ തീരത്തെ വോന്‍സാനിലാണ് കഴിയുന്നതെന്ന് ദക്ഷിണ കൊറിയന്‍ പ്രസിഡന്‍റ് മൂണ്‍ ജേ ഇന്നിന്‍റെ ഉപദേഷ്‍ടാവ് പറഞ്ഞു.

content highlights: Trump says he’s ‘glad to see’ Kim Jong Un ‘is back, and well’