ഔറംഗാബാദ്: മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ റെയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങിയ സംഘം ട്രയിനിടിച്ച് മരിച്ചു. സ്ത്രീകളും കുട്ടികളുമുള്‍പ്പെട്ട 14 പേര്‍ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ 5.15നാണ് അപകടമുണ്ടായത്. സംഭവത്തില്‍ രാഷ്ടപതിയും പ്രധാനമന്ത്രിയും അനുശോചനം രേഖപ്പെടുത്തി.
മധ്യപ്രദേശിലേക്ക് റെയില്‍ ട്രാക്ക് വഴി നടന്നു പോവുകയായിരുന്ന കുടിയേറ്റ തൊഴിലാളികളുടെ സംഘമാണ് അപകടത്തില്‍പ്പെട്ടത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് ജോലിയടക്കം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ നിന്ന് നാട്ടിലേക്ക് കുടുംബത്തോടെ മടങ്ങുകയായിരുന്നു ഇവര്‍. യാത്രക്കിടയില്‍ ഔറാംഗാബാദിലെ കര്‍മാട് പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള റെയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങുകയായിരുന്നു. ചരക്ക് ട്രെയിനിടിച്ചാണ് അപകടമുണ്ടായിരിക്കുന്നതെന്നാണ് വിവരം.
ജല്‍നയിലെ ഉരുക്ക് ഫാക്ടറിയിലെ തൊഴിലാളികളാണ് ഇവരെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. നാട്ടിലേക്ക് മടങ്ങുന്നതിനായി ജല്‍നയില്‍ നിന്ന് 170 കിലോമീറ്റര്‍ അകലെയുള്ള ഭുവാസലിലേക്ക് ഇവര്‍ റെയില്‍വേ ട്രാക്കിലൂടെ കാല്‍നടയായി ഇവര്‍ സഞ്ചരിക്കുകയായിരുന്നു. 45 കിലോമീറ്ററുകള്‍ പിന്നിട്ടതോടെ തളര്‍ന്ന ഇവര്‍ റെയില്‍വേ ട്രാക്കില്‍ കിടന്ന് ഉറങ്ങി. ഇതിനിടയിലാണ് അപകടം സംഭവിച്ചത്. സംഭവത്തില്‍ റെയില്‍വേ മന്ത്രാലയം അന്വേഷണം ആരംഭിച്ചു.
Content Highlight: 14 Migrant labourers killed in Aurangabad mishap