കേന്ദ്രം പ്രഖ്യാപിച്ച ഉത്തേജക പാക്കേജ് നിരാശാജനകം; കെെ നനയാതെ മീൻ പിടിക്കാനാണ് കേന്ദ്രത്തിൻ്റെ ശ്രമമെന്നും തോമസ് ഐസക്

Finance minister Thomas Isaac on covid package Atmanirbhar Bharat

കേന്ദ്രം പ്രഖ്യാപിച്ച ഉത്തേജക പാക്കേജ് നിരാശാജനകമാണെന്ന് ധനമന്ത്രി തോമസ് ഐസക്. പാക്കേജിലെ പ്രഖ്യാപനങ്ങള്‍ പര്യാപ്തമല്ലെന്നും രാജ്യത്തെ ചെറുകിട വ്യവസായങ്ങള്‍ നേരിടുന്ന പ്രതിസന്ധിക്ക് ഈ പാക്കേജ് പരിഹാരമാകില്ലെന്നും തോമസ് ഐസക് ആരോപിച്ചു. ഈ പാക്കേജ് രാജ്യത്തെ രക്ഷിക്കുകയോ സ്വാശ്രയ ഇന്ത്യയെ സൃഷ്ടിക്കുകയോ ചെയ്യില്ല. തൊഴിലാളികൾക്ക് ഒന്നും കൊടുക്കാതെയുള്ള പാക്കേജിന് എന്ത് അർഥമാണുള്ളതെന്ന് ധനമന്ത്രി ചോദിച്ചു.

ജനങ്ങൾക്ക് കേന്ദ്രസർക്കാർ ഒന്നും നൽകുന്നില്ല. കൊവിഡ് പ്രതിരോധം നേരിട്ട് നടത്തുന്ന സംസ്ഥാനങ്ങൾ‌ക്കും സഹായമില്ല. മിനുക്ക് പണിക്കാണ് കേന്ദ്ര സർക്കാർ തയാറെടുക്കുന്നതെന്ന് ഇതിൽ നിന്ന് മനസിലാവുമെന്നും ധനമന്ത്രി പറഞ്ഞു. സംസ്ഥാനങ്ങൾക്ക് ജിഎസ്ടി നഷ്ടപരിഹാരമായി ചുരുങ്ങിയത് 75,000 കോടി രൂപ കേന്ദ്രം കൊടുക്കാനുണ്ട്. അതിനെക്കുറിച്ച് കേന്ദ്രം ഒന്നും പറയുന്നില്ലെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടി. 

3 ലക്ഷം കോടി രൂപയുടെ വായ്പ സർക്കാരല്ല ബാങ്കാണ് കൊടുക്കുന്നത്. ഇങ്ങനെയാണോ 20 ലക്ഷം കോടി രൂപയുടെ കണക്കൊപ്പിക്കുന്നതെന്ന് ധനമന്ത്രി ചോദിച്ചു. നേരത്തെ പ്രഖ്യാപിച്ച 1.7 ലക്ഷം കോടി രൂപയിൽ പാവങ്ങളുടെ സഹായം ഒതുങ്ങാൻ പോകുകയാണ്. അതിൽ 30,000 കോടി രൂപ തൊഴിലാളി ക്ഷേമനിധിയിൽ നിന്നാണ്. അത് സംസ്ഥാനങ്ങൾ രൂപീകരിച്ചതാണ്. തൊഴിലുറപ്പ് പദ്ധതിക്ക് 30,000 കോടി രൂപ നൽകുമെന്നാണ് പറയുന്നത്. തൊഴിലുറപ്പ് അടുത്തകാലത്തൊന്നും തുടങ്ങാൻ സാധ്യതയില്ല. ആകെ ജനങ്ങൾക്ക് കിട്ടിയത് വെറും 1500 രൂപ മാത്രമാണ്. ജനങ്ങളുടെ കെെയ്യിൽ പണം എത്താനുള്ള ഒരു മാർഗവും സാമ്പത്തിക പാക്കേജിൽ ഇല്ലെന്നും അതൊന്നും ചെയ്യാതെ കൈ നനയാതെ മീൻ പിടിക്കുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നതെന്നും തോമസ് ഐസക് വിമർശിച്ചു.

content highlights: Finance minister Thomas Isaac on covid package Atmanirbhar Bharat