എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മെയ് 26 മുതല്‍; ബസ് ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കാനും ധാരണ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ലോക്ക് ഡൗണ്‍ മൂലം മാറ്റിവെച്ച എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ വീണ്ടും തുടങ്ങാനുളള തീയതി തീരുമാനിച്ചു. മെയ് മാസം 26 മുതല്‍ പരീക്ഷകള്‍ തുടങ്ങാനാണ് തീരുമാനം. രാവിലെ പ്ലസ് ടു പരീക്ഷകളാകും നടക്കുക. ഉച്ചയ്ക്ക് ശേഷമാണ് എസ്എസ്എല്‍സി പരീക്ഷകള്‍. മെയ് 26ന് കണക്ക്, മെയ് 27ന് ഫിസിക്സ്, മെയ് 28ന് കെമിസ്ട്രി എന്നിങ്ങനെയാണ് എസ്എസ്എല്‍സി പരീക്ഷകള്‍. പ്ലസ് വണ്‍ പരീക്ഷകളും രാവിലെയാണ് നടത്തുക.

പരീക്ഷ സമയത്ത് ഒരു ബെഞ്ചില്‍ രണ്ട് പേരെ മാത്രമേ ഇരിക്കാന്‍ അനുവദിക്കുകയുള്ളു. സാമൂഹിക അകലം പാലിച്ചാവും പരീക്ഷ നടത്തിപ്പ്. പൊതു ഗതാഗതം അനുവദിക്കുന്നതിന് മുന്‍പാണ് പരീക്ഷ നടത്താന്‍ തീരുമാനിക്കുന്നതെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വാഹനസൗകര്യം ഏര്‍പ്പെടുത്തേണ്ടതുണ്ട്. മൂന്നാംഘട്ട ലോക്ക് ഡൗണ്‍ അവസാനിച്ച ശേഷമാണ് പരീക്ഷകള്‍ തുടങ്ങുക. അതേസമയം രാജ്യത്ത് നാലാംഘട്ട ലോക്ക് ഡൗണ്‍ തുടങ്ങുന്ന കാര്യം പ്രധാനമന്ത്രി ഇന്നലെ അറിയിച്ചിരുന്നു.

പൊതുഗതാഗതം പുനരാരംഭിക്കുമ്പോള്‍ സംസ്ഥാനത്ത് ബസ് ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാനും തീരുമാനമായി. നിരക്ക് വര്‍ധന എന്ന ബസ് ഉടമകളുടെ ആവശ്യം ന്യായമാണെന്ന് സര്‍ക്കാര്‍ വിലയിരുത്തി. നിയന്ത്രണകാലത്തേക്ക് മാത്രമാകും വര്‍ധന. കൊവിഡ് സാഹചര്യത്തില്‍ പരമാവധി 25 പേര്‍ക്കേ ബസ്സില്‍ യാത്ര അനുവദിക്കൂ. കൊവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന കാലത്തേക്ക് മാത്രമാകും വര്‍ധിപ്പിച്ച ബസ് നിരക്ക് ഈടാക്കൂക.

Content Highlight: SSLC, Plus two exams will start from May 26