‘വന്ദേ ഭാരത്’ രണ്ടാം ഘട്ടം: 31 രാജ്യങ്ങളില്‍നിന്നുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കും

ന്യൂ ഡല്‍ഹി: കൊറോണ വ്യാപനത്തെ തുടര്‍ന്ന് വിദേശത്ത് കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായി രൂപപ്പെടുത്തിയ ‘വന്ദേ ഭാരത്’ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി കൂടുതല്‍ സര്‍വീസുകള്‍. ഈ ഘട്ടത്തില്‍ 31 രാജ്യങ്ങളില്‍ നിന്നുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനാണ് തീരുമാനം. കൂടുതല്‍ സര്‍വീസുകള്‍ കേരളത്തിലേക്കാണെന്നാണ് നിലവില്‍ വ്യോമയാന മന്ത്രാലയം നല്‍കുന്ന സൂചന.

രണ്ടാം ഘട്ടത്തില്‍ റഷ്യ, ജര്‍മനി, ജപ്പാന്‍, ഇറ്റലി, ഫ്രാന്‍സ്, നൈജീരിയ, കാനഡ, ഇന്‍ഡൊനീഷ്യ, ഓസ്‌ട്രേലിയ, അമേരിക്ക, യു.കെ., കസാഖ്സ്താന്‍, കിര്‍ഗിസ്താന്‍, യുക്രൈന്‍, ജോര്‍ജിയ, താജികിസ്താന്‍, അര്‍മീനിയ, ബെലാറസ്, തായ്ലാന്‍ഡ്, അയര്‍ലന്‍ഡ്, യു.എ.ഇ., സൗദി അറേബ്യ, മലേഷ്യ, ഒമാന്‍, ഖത്തര്‍, ഫിലിപ്പീന്‍സ്, സിങ്കപ്പൂര്‍, കുവൈത്ത്, ബഹ്‌റൈന്‍, നേപ്പാള്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളെയാണ് നാട്ടിലെത്തിക്കുന്നത്.

കേരളം, ഡല്‍ഹി, കര്‍ണാടകം, തെലങ്കാന, ഗുജറാത്ത്, രാജസ്ഥാന്‍, ആന്ധ്രാപ്രദേശ്, പഞ്ചാബ്, ബിഹാര്‍, ഉത്തര്‍പ്രദേശ്, ഒഡിഷ, ജമ്മുകശ്മീര്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് പ്രവാസികളുമായി വിമാനങ്ങള്‍ ഇറങ്ങുന്നത്. രണ്ടാം ഘട്ടം മേയ് 22 വരെ നീണ്ടുനില്‍ക്കും. ആദ്യ ഘട്ടത്തില്‍ 6037 പ്രവാസികളെയാണ് നാട്ടിലെത്തിച്ചത്.

Content Highlight: ‘Vande Bharat’ second step bring back Indians from 31 Countries